ന്യൂദൽഹി: ജൂൺ രണ്ടിന് തിരിച്ച് ജയിലിലേക്ക് മടങ്ങുമെന്ന് ദൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ. നിലവിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് 21 ദിവസം ജാമ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു.
തനിക്ക് കോടതി അനുവദിച്ച് തന്ന ദിവസങ്ങൾ കഴിഞ്ഞെന്നും തീഹാർ ജയിലിലേക്ക് ജൂൺ രണ്ടിന് തിരിച്ച് പോകുമെന്നും അദ്ദേഹം അണികളോട് പറഞ്ഞു.
‘എനിക്ക് സുപ്രീം കോടതി അനുവദിച്ച് തന്ന സമയം കഴിഞ്ഞു. ജൂൺ രണ്ടിന് ഞാൻ തിരിച്ച് തീഹാർ ജയിലിലേക്ക് പോവുകയാണ്. ഇവർ എത്രനാൾ എന്നെ ജയിലിലടക്കുമെന്നെനിക്കറിയില്ല. പക്ഷെ എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാൻ ജയിലിൽ പോകുന്നത്. അതിലെനിക്ക് അഭിമാനമുണ്ട്. അവരെന്നെ തകർക്കാൻ നിരവധി തവണ ശ്രമിച്ചു. എന്നാൽ അവർക്കതിന് സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.
തനിക്ക് ഗുരുതരമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്നും തന്റെ ശരീരം അത്തരത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ നിരവധി പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവർ ജയിലിൽ വച്ച് എന്നെ നിരന്തരം പീഡിപ്പിച്ചു. എനിക്ക് മരുന്നുകൾ തരുന്നത് നിർത്തി. ജയിലിൽ പോയതോടെ എന്റെ ശരീരഭാരം കുറഞ്ഞു. 70 കിലോ ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 64 കിലോആയി. തിരിച്ച് വന്നിട്ടും എന്റെ ശരീരഭാരം കൂടിയിട്ടില്ല. ഇത് രോഗ ലക്ഷണമാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ജയിലിലാണെങ്കിലും തന്റെ നാടിന് വേണ്ടി പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം വൃദ്ധരായ തന്റെ മാതാപിതാക്കളെ നോക്കണമെന്ന് പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
‘എന്റെ അമ്മക്ക് സുഖമില്ല. എനിക്ക് പകരം നിങ്ങൾ എന്റെ മാതാപിതാക്കളെ നോക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,’ അദ്ദേഹം അണികളോട് പറഞ്ഞു.
Content Highlight: Kejriwal going to surrender on Jun 2