തിരുവനന്തപുരം: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും ഹരജി സമര്‍പ്പിക്കുന്നത് വരെ സുപ്രീം കോടതി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണം. ആരെങ്കിലും ഹരജിയുമായി സമീപിക്കാതെ തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെടാനുള്ള അവകാശം സുപ്രീം കോടതിക്ക് ഉണ്ട്. ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുകയാണെങ്കില്‍ അതിനെ സുപ്രീം കോടതി തടയണം,’ ശശി തരൂര്‍ പറഞ്ഞു.
നമുക്ക് രണ്ട് പ്രധാന കോടതിയാണ് ഉള്ളത്. ഒന്ന് സുപ്രീം കോടതി, രണ്ടാമത്തേത് ജനങ്ങളുടെ കോടതി. ഇത്തരത്തില്‍ ജനാധിപത്യത്തിന് എതിരായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു സര്‍ക്കാരിനെ ഒരിക്കലും വീണ്ടും ഭരണത്തില്‍ വരാന്‍ സമ്മതിക്കരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ശശി തരൂര്‍ പറഞ്ഞു.
ധൈര്യത്തോടെ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അന്വേഷണ ഏജന്‍സിക്ക് കാത്തിരിക്കാമായിരുന്നെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ദല്‍ഹിയില്‍ വലിയ ഭരണ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെയും രാഷ്ട്രപതിയെയും സമീപിക്കാനാണ് ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എ.എ.പിയുടെ നേതൃ പദവിയിലും മുഖ്യമന്ത്രി സ്ഥാനത്തേക്കും കെജ്‌രിവാളിന് പകരം ആരെന്ന ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ തുടരുന്നത്.
എ.എ.പിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രിമാരായ അതിഷി മെര്‍ലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്. അതിനിടെ കെജ്‌രിവാളിനെ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ശേഷം അദ്ദേഹത്തെ പത്ത് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. എന്നാൽ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlight: kejriwal ed arrest; Shashi Tharoor says Supreme Court should take suo moto cognizance