ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ‘ജിന്നയുടെ രാഷ്ട്രീയം’ കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. ആം ആദ്മിയുടെ പേര് മുസ്‌ലിം ലീഗ് എന്ന് മാറ്റണമെന്നും മിശ്ര പറഞ്ഞു.
വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ പ്രചരണത്തില്‍ നിന്ന് 48 മണിക്കൂര്‍ മാറിനില്‍ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് നിലനില്‍ക്കെയാണ് വീണ്ടും വിവാദ പരാമര്‍ശവുമായി കപില്‍ മിശ്ര രംഗത്തെത്തിയിരിക്കുന്നത്.
” ആംആദ്മിയുടെ പേര് മുസ്‌ലിം ലീഗ് എന്ന് മാറ്റണമെന്നാണ് എനിക്ക് പറയാനുള്ളത്. മുസ്‌ലിം ലീഗിന്റെ അതെ രാഷ്ട്രീയമാണ് ആംആദ്മിയുടേയും. ഭിന്നിപ്പിന്റെയും മുസ്‌ലിം വോട്ട് ബാങ്കിന്റെയും രാഷ്ടീയമാണ് അവര്‍ ചെയ്യുന്നത്. അവര്‍ യോഗിയുടെ പ്രസംഗത്തിനെതിരാണ്. ദേശവിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും കലാപകാരികള്‍ക്കും മാത്രമേ യോഗിയെ പേടിക്കേണ്ടതുള്ളൂ.
യോഗി ഉത്തര്‍പ്രദേശിലെ കലാപങ്ങള്‍ക്ക് അറുതിവരുത്തി”, കപില്‍ മിശ്ര പറഞ്ഞു.
ദല്‍ഹിയില്‍ ബസ് കത്തിച്ചതിന് പിന്നിലും പൊലീസുകാരെ മര്‍ദ്ദിച്ചതിനു പിന്നിലും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമാണെന്നും കപില്‍ മിശ്ര ആരോപിച്ചു.
ദല്‍ഹി മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് കപില്‍മിശ്ര.ദല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമെന്ന് പറഞ്ഞതിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കപില്‍മിശ്രയ്ക്ക് 48 മണിക്കൂര്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഫെബ്രുവരി എട്ടിനാണ് ദല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പ്.