ന്യൂദല്‍ഹി: കേന്ദ്രവും ദല്‍ഹി സര്‍ക്കാരും തമ്മിലുള്ള കേസില്‍ മെയ് 11 ന് സുപ്രീംകോടതിയുടെ വിധി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വായിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് മേല്‍ ഇത്രയും ഊര്‍ജം ചെലവഴിക്കേണ്ട ഒരു കാരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് മേല്‍ ഇത്രയും ഊര്‍ജം ചെലവഴിക്കേണ്ട ഒരു കാരണവുമില്ല. സുപ്രീംകോടതി വിധി കെജ്‌രിവാള്‍ വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് അറിയുമായിരുന്നു, പാര്‍ലമെന്റ് പിന്നീട് ബില്ലായി എടുക്കേണ്ട ഓര്‍ഡിനന്‍സിന്റെ ഉത്ഭവം ഭരണഘടനാ ബെഞ്ചിന്റെ വിധി തന്നെയാണെന്ന് ,’ മാളവ്യ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് ദല്‍ഹി ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവക്ക് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് പാസാക്കിയിരിക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര മന്ത്രി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമിതി ശിപാര്‍ശ നല്‍കണം. ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിന് പിന്നാലെ ഇതിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കള്‍ വന്നിരുന്നു.
തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അവഹേളനമാണ് കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞിരുന്നു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിലേക്ക് അധികാരം പോകുമെന്ന് ഭയന്നാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സിനെ മോശവും പരാജിതന്റെ പ്രവര്‍ത്തി എന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വിശേഷിപ്പിച്ചത്.
ദല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ദല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ലെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്നായിരുന്നു ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.
അതേസമയം സുപ്രീംകോടതി വിധിക്ക് പിന്നാലെ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഓര്‍ഡിനന്‍സ് അനിവാര്യമാണെന്ന് ബി.ജെ.പി പറഞ്ഞു. എല്‍.ജി ഓഫീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 8 ഉദ്യോഗസ്ഥര്‍ കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം നേരത്തെ ലഭിച്ചതും ബാക്കി ആറെണ്ണം സുപ്രീംകോടതി വിധിക്ക് ശേഷവും ലഭിച്ചതാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
Contenthighlight: Kejriwal did’nt read suprem court verdict: amit malvya