ന്യൂദല്‍ഹി: ഏതെങ്കിലുമൊരു അഴിമതിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പങ്ക് തെളിയിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ.ഡി ഒരു ദിവസം മുഴുവന്‍ നീണ്ട റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
‘ആം ആദ്മിയെ ഇല്ലാതാക്കാനുള്ള മോദിയുടെ പദ്ധതിയുടെ ഭാഗമാണ് അമാനത്തുള്ളയുടെ വീട്ടില്‍ ഇന്നലെ നടന്ന റെയ്ഡ്. ബസ്സ് അഴിമതി, റോഡ് അഴിമതി, വൈദ്യുതി അഴിമതി ഇതിലേതെങ്കിലുമൊന്ന് തെളിയിക്കാന്‍ ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു.
ഇതെല്ലാം കെട്ടിച്ചമച്ചവയാണ്. ഈ ഇന്‍വസ്റ്റിഗേഷന്റെ ലക്ഷ്യം അഴിമതി ഇല്ലാതാക്കലല്ല മറിച്ച് എതിരാളികള ഇല്ലാതാക്കലാണ്,’ കെജരിവാള്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ആം ആദ്മി എം.എല്‍.എ അമാനത്തുള്ള ഖാനുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ 13 ഓളം ഇടങ്ങളില്‍ ബുധനാഴ്ച റെയ്ഡ് നടന്നതായി ഇ.ഡി അറിയിച്ചു.
2018-22 കാലഘട്ടത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ നിയമാനുസൃതമല്ലാതെ ദല്‍ഹി വഖഫ് ബോര്‍ഡില്‍ നിയമനം നടത്തിയതും സ്വന്തം ലാഭത്തിനായി വഖഫ് ബോര്‍ഡിന്റെ സാധനങ്ങള്‍ ലീസിന് കൊടുത്തതുമാണ് അമാനത്തുള്ളയുടെ റെയ്ഡിനു കാരണമെന്ന് ഇ.ഡി ഔദ്യോഗികമായി അറിയിച്ചു.
ഈ കൃത്യങ്ങളില്‍ നിന്ന് അമാനത്തുള്ള ഖാന്‍ ധാരാളം പണം സമ്പാദിക്കുകയും, ഇതില്‍ നിന്ന് ബിനാമികളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങി കൂട്ടിയതായും കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു. പണമിടപാടുകള്‍ തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായും അവര്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍ ഇ.ഡി ഒന്നും കണ്ടെത്തിയില്ലെന്ന് അമാനത്തുള്ള ഖാന്‍ പറഞ്ഞു.
’12 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തി. ഞാന്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. അവര്‍ എല്ലായിടത്തും തിരഞ്ഞെന്നും പക്ഷേ ഒന്നും കണ്ടെത്തിയില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മുന്‍പ് എ.സി.ബി (ആന്റി കറപ്ഷന്‍ ബോര്‍ഡ്) സെര്‍ച്ച് നടത്തിയിരുന്നെങ്കിലും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല,’ അമാനത്തുള്ള എ.എന്‍.ഐ യോട് പറഞ്ഞു.
content highlight: Kejriwal challanges Modi to prove AAP’s involvements in scam