| Friday, 5th July 2024, 3:57 pm

കെജ്‌രിവാളിന്റെ ജാമ്യ നിഷേധം; ഇ.ഡി അഭിഭാഷകന്‍ ജഡ്ജിയുടെ ബന്ധു; ചീഫ് ജസ്റ്റിസിന് കത്തയച്ച് 150 അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ച് ദല്‍ഹി ഹൈക്കോടതിയിലെയും ജില്ലാ കോടതികളിലെയും 150 ഓളം വരുന്ന അഭിഭാഷകര്‍. കെജ്‌രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്ത ജഡ്ജി ചിലരുടെ നിക്ഷിപ്ത താത്പര്യത്തിന് വിധേയനായി പ്രവര്‍ത്തിച്ചു എന്നാണ് കത്തില്‍ പറയുന്നത്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിനെതിരെയാണ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

ജസ്റ്റിസ് ജെയിനിന്റെ സഹോദരന്‍ അനുരാഗ് ജെയിന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അഭിഭാഷകനായി സേവനമനുഷ്ഠിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇ.ഡി നല്‍കിയ ഒരു കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുധീര്‍ കുമാര്‍ ജെയ്ന്‍ വിട്ടു നില്‍ക്കേണ്ടിയിരുന്നെന്നും അഭിഭാഷകര്‍ കത്തില്‍ പറഞ്ഞു.

‘തന്റെ സഹോദരന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകനായതിനാല്‍ ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ കേസ് നടപടികളില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറണമായിരുന്നു. അല്ലാത്ത പക്ഷം ചില വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കരുതേണ്ടി വരും,’ അഭിഭാഷകര്‍ കത്തില്‍ പറയുന്നു.

കെജ്‌രിവാളിന്റെ ജാമ്യത്തിനെതിരായ ഇ.ഡിയുടെ കേസ് ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് ജെയിന്‍ അനുവദിച്ചുവെന്നും ഉത്തരവ് അപ്ലോഡ് ചെയ്യുന്നതിന് മുമ്പുതന്നെ ജാമ്യം സ്റ്റേ ചെയ്തതായി ഇ.ഡിയെ നേരിട്ട് അറിയിച്ചെന്നും അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അഭിഭാഷകര്‍ കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം അവസാനമായിരുന്നു കെജ്‌രിവാളിന് ദല്‍ഹി റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റു ചെയ്തു.

ജൂണ്‍ 20ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി, ഇ,ഡി മുഖ്യമന്ത്രിക്കെതിരെ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനും മതിയായ തെളിവുകള്‍ ഇ.ഡി നല്‍കിയില്ലെന്നും അവധിക്കാല ജഡ്ജി ബിന്ദു പറഞ്ഞിരുന്നു.

കെജ്‌രിവാളിന്റെ ജാമ്യത്തിനെതിരായ ഇ.ഡിയുടെ ഹരജി തന്റെ ബെഞ്ചിന് കീഴില്‍ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് ജെയിന്‍ അനുവദിച്ചു. ഉത്തരവ് അപ്ലോഡ് ചെയ്യുന്നതിന് മുമ്പുതന്നെ ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി സ്റ്റേ ചെയ്തു. ഇത് ശരിയായ നടപടിയല്ല. ആശങ്കയ്ക്ക് വഴിയൊരുക്കുന്ന കാര്യമാണ്, അഭിഭാഷകര്‍ പറഞ്ഞു.

ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും, പ്രത്യേകിച്ച് ഇ.ഡിയും സി.ബി.ഐയും ഉള്‍പ്പെട്ട കേസുകളില്‍ അഭൂതപൂര്‍വമായ ചില നടപടികള്‍ ഉണ്ടാകുന്നതിലും അഭിഭാഷകര്‍ കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം കേസുകളില്‍ ജഡ്ജിമാര്‍ ജാമ്യാപേക്ഷകള്‍ വൈകിപ്പിക്കുകയാണെന്നും പ്രതികള്‍ക്ക് നീതിയും ഭരണഘടനാപരമായ സ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

‘രാജ്യത്തെ പൗരന്മാര്‍ വളരെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് കോടതികളെ സമീപിക്കുന്നത്. ഈ വിശ്വാസമാണ് ജുഡീഷ്യറിയും നിയമ സമൂഹവും ഉയര്‍ത്തിപ്പിടിക്കേണ്ടത്,’ അഭിഭാഷകര്‍ കത്തില്‍ പറഞ്ഞു.

വേനലവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന അവധിക്കാല കോടതികളോട് അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ റൂസ് അവന്യൂ കോടതിയിലെ ജില്ലാ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ നീക്കം അവധിക്കാല കോടതികളുടെ ഉദ്ദേശ്യത്തെ തുരങ്കം വെയ്ക്കതാണെന്നും അത്തരമൊരു ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അഭിഭാഷകര്‍ കത്തില്‍ പറഞ്ഞു.

Content Highlight: Kejriwal bail case: Lawyers write to CJI over Judge’s conflict of interest

We use cookies to give you the best possible experience. Learn more