India
2024ലും മോദി വിജയിച്ചാല്‍ 2029ല്‍ ഇന്ത്യയെ ബി.ജെ.പിയില്‍ നിന്ന് സ്വതന്ത്രമാക്കുമെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 17, 01:37 pm
Saturday, 17th February 2024, 7:07 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയല്‍ 2029ല്‍ ഇന്ത്യയെ ബി.ജെ.പിയിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിയാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനാലാണ് എല്ലാ ഭാഗത്ത് നിന്നും അവര്‍ തങ്ങളെ ആക്രമിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ഇന്ന് ബി.ജെ.പി ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് എ.എ.പിയെ ആണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പാരാജയപ്പെട്ടില്ലെങ്കില്‍ 2029ല്‍ ഇന്ത്യയെ ബി.ജെ.പിയില്‍ നിന്ന് സ്വതന്ത്രമാക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു, കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹി നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കെജ്‌രിവാള്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി വേട്ടയാടാന്‍ ശ്രമിക്കുന്നുണ്ടെന്നാരോപിച്ചാണ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

എ.എ.പിയുടെ 62 എം.എല്‍.എമാരില്‍ 54 പേരും ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്. എം.എല്‍.എമാര്‍ കൂറുമാറിയിട്ടില്ലെന്നും രണ്ട് എം.എല്‍.എമാര്‍ ജയിലിലാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചില എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കൂറുമാറുന്നതിന് എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. തന്നെ അറസ്റ്റുചെയ്ത് എ.എ.പിയെ അവസാനിപ്പിക്കാമെന്നാണ് അവര്‍ കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എ.എ.പി എം.എല്‍.എമാരെ അറസ്റ്റ് ചെയ്ത് ജയിയിലടച്ച ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെ കുറിച്ച് എല്ലാ ജനങ്ങള്‍ക്കും ബോധ്യമുണ്ട്. ജനങ്ങള്‍ മണ്ടന്‍മാരാണെന്നാണ് അവര്‍ കുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എ.എ.പി സര്‍ക്കാരിനെ തകര്‍ക്കാനാണോ ശ്രമിക്കുന്നതെന്നാണ് കുട്ടികളടക്കം ഇപ്പോള്‍ ചോദിക്കുന്നത്, കെജ്‌രിവാള്‍ പറഞ്ഞു.

അതിനിടെ മദ്യനയക്കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് ദല്‍ഹി റോസ് അവന്യൂ കോടതി കെജ്രിവാളിന് സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 16ന് ഹാജരാകാനാണ് നിര്‍ദേശം. നിരവധി തവണ നോട്ടീസ് അയച്ചിട്ടും കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിയാണ് കോടതിയെ സമീപിച്ചത്.

Contant Highlight: Kejriwal asserted that he will make India free from BJP in 2029