ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് കെജ്‌രിവാൾ
Kerala News
ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് കെജ്‌രിവാൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 2:29 pm

ന്യൂദല്‍ഹി: അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത പഠനം നേടാന്‍ ആഗ്രഹിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്.

  • അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ
  • ദളിത് വിദ്യാര്‍ത്ഥികള്‍ക്കായാണ് പദ്ധതി പ്രഖ്യാപനം
  • വിദേശത്ത് ഉന്നത പഠനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദല്‍ഹി സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണ
  • അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാൾ

നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.


ഭരണഘടനാ ശില്‍പിയായ അംബേദ്ക്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

സ്‌കോളര്‍ഷിപ്പ് പദ്ധതി അംബേദ്ക്കര്‍ക്കുള്ള ആദരാഞ്ജലിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്ക്കര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉള്‍പ്പെടെ ഒന്നിലധികം ബിരുദമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാജ്യത്തെ കുട്ടികള്‍ക്കും സമാനമായ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അംബേദ്ക്കര്‍ക്കെതിരായ അമിത് ഷായുടെ പരാമര്‍ശം താനുള്‍പ്പെടെയുള്ളവരെ വ്രണപ്പെടുത്തിയെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ആരും തന്നെ അംബേദ്ക്കറെ അപനാമനിക്കുമെന്ന് കരുതിയില്ല. അമിത് ഷായ്ക്കുള്ള മറുപടി കൂടിയാണ് എ.എ.പിയുടെ പ്രഖ്യാപനമെന്നും കെജ്‌രിവാള്‍ പറഞ്ഞു.


ദല്‍ഹി മുഖ്യമന്ത്രി അതിഷി, ആം ആദ്മി നേതാവ് മനീഷ് സിസോദിയ അരവിന്ദ് ഓജ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന റാലിയിലായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.

2025 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

അതേസമയം ഇന്നലെ പ്രതിപക്ഷ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അനിശ്ചകാലത്തേക്ക് പിരിഞ്ഞിരുന്നു. അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിച്ച് വിട്ടതായി അറിയിച്ചത്. ശീതകാല സമ്മേളനം ആരംഭിച്ചത് മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങളെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

Content Highlight: Kejriwal announces Ambedkar Scholarship for Dalit students