| Sunday, 15th September 2024, 1:06 pm

രാജി പ്രഖ്യാപിച്ച് കെജ്‌രിവാൾ; രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനമൊഴിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മദ്യനയക്കേസിൽ ജയിൽ മോചിതനായ ശേഷം രാജി പ്രഖ്യാപിച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ദല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും തനിക്ക് ലഭിച്ച എല്ലാവിധ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോടൊപ്പം ദല്‍ഹിയിലും നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കണം. തെരഞ്ഞെടുപ്പ് നടക്കുന്നവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ നിയമസഭാ കക്ഷി യോഗം ചേരും. അതില്‍ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. താന്‍ ഇതുവരെ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് കെജ്‌രിവാള്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാള്‍ ഏകാധിപത്യപരമായ ഭരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തുന്നതിനായി ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. താനും സിസോസിദയും ജനങ്ങളെ നേരിട്ട് കാണുമെന്നും സിസോദിയ മുഖ്യമന്ത്രിയാകില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ട് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. തന്നെ ജയിലില്‍ അടച്ചതിന്റെ ഉദ്ദേശം പാര്‍ട്ടിയെ തകര്‍ക്കുക എന്നതായിരുന്നുവെന്നും അതിനുവേണ്ടി സി.ബി.ഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര വിലക്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഒന്നും സമ്പാദിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാണ് ശ്രമിക്കുന്നത്. തന്റെ മനോവീര്യം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കെജ്‌രിവാളിന് പുറമെ മനീഷ് സിസോദിയയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ‘മദ്യ കുംഭകോണം’ എന്ന പേരില്‍ ബി.ജെ.പി ഒരു സാങ്കല്‍പ്പിക കഥ എഴുതിയതാണെന്ന് മുന്‍ ഉപമുഖ്യമന്ത്രിയായ സിസോദിയ പറഞ്ഞു. കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബി.ജെ.പിക്കേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രതീക്ഷയാണ്. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യവും വൈദ്യുതിയും സ്വപ്നം കാണുന്ന രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അദ്ദേഹമെന്നും സിസോദിയ വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

ദല്‍ഹി മദ്യനയക്കേസില്‍ ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്റെ അറസ്റ്റും ജാമ്യവും സംബന്ധിച്ച് നല്‍കിയ ഹരജിയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിച്ച ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

Content Highlight: Kejriwal announced his resignation

We use cookies to give you the best possible experience. Learn more