| Friday, 4th August 2023, 6:51 pm

രാഹുല്‍ ഗാന്ധിയെയും വയനാട്ടുകാരെയും അഭിനന്ദിച്ച് കെജ്‌രിവാള്‍; 'ഇന്ത്യ'യെ ശക്തിപ്പെടുത്തുന്ന വിധിയെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തിക്കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഈ വിധി ജനാധിപത്യത്തിന് മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെയും വയനാട്ടിലെ ജനങ്ങളെയും കെജ്‌രിവാള്‍ അഭിനന്ദിച്ചു.

‘രാഹുല്‍ ഗാന്ധി ജീക്കെതിരെയുള്ള അന്യായമായ മാനനഷ്ടക്കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് ജനാധിപത്യത്തിനോടും നീതിന്യായ വ്യവസ്ഥയോടുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.

രാഹുല്‍ ഗാന്ധിക്കും വയനാട്ടിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്ന വിധിയില്‍ താന്‍ സന്തോഷവതിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്.

‘രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വാര്‍ത്തയില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇത് മാതൃരാജ്യത്തിനായി ഒറ്റക്കെട്ടായി പോരാടാനും വിജയിക്കാനുമുള്ള ‘ഇന്ത്യ’യുടെ ദൃഢനിശ്ചയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. വിധി നീതിന്യായ വ്യവസ്ഥയുടെ വിജയമാണ്,’ മമത പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്ന വിധി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിപ്രായപ്പെട്ടു.

‘ഇത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ്. നീതി മറച്ച് വെക്കാനാകില്ലെന്നതിന്റെ ഉദാഹരണമാണ് വിധി,’ അദ്ദേഹം പറഞ്ഞു.

ഇന്നല്ലെങ്കില്‍ നാളെ സത്യം വിജയിക്കുമെന്നും അത് തെളിഞ്ഞുവെന്നുമാണ് വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്നാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും പറഞ്ഞായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. കേസില്‍ മാപ്പ് പറയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എം.പി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.

കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

content highlights: kejriwal and mamatha about rahul ganhdi’S verdict

We use cookies to give you the best possible experience. Learn more