| Wednesday, 15th March 2017, 3:55 pm

27 കുടുംബങ്ങള്‍ വോട്ട് ചെയ്ത ബൂത്തില്‍ വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് രണ്ടു വോട്ട്; പഞ്ചാബില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി കെജ്രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പിയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണത്തിന് പിന്നാലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഗോസിയാപൂരിലെ 103ാം നമ്പര്‍ ബൂത്തില്‍ തങ്ങള്‍ക്ക് രണ്ടു വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത് പാര്‍ട്ടിയ്ക്ക് അഞ്ച് പ്രവര്‍ത്തകരുള്ള സ്ഥലമാണത് 27 കുടുംബങ്ങള്‍ ആം ആദ്മിയ്ക്ക് വോട്ട് നല്‍കിയതായി അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ആ വോട്ടുകള്‍ എങ്ങോട്ടാണ് പോയത്.? ഇത് പോലെ രണ്ടും മൂന്നും വോട്ടുകള്‍ ലഭിച്ച നിരവധി ബൂത്തുകള്‍ വേറെയും ഉള്ളതായും കെജ്‌രിവാള്‍ പറഞ്ഞു.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതുവഴി, ആം ആദ്മി പാര്‍ട്ടിയുടെ 30 ശതമാനം വോട്ടുകള്‍ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം ചോര്‍ത്തിയെന്ന് കെജ്രിവാള്‍ ആരോപിച്ചു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

അതേസമയം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 20 സീറ്റില്‍ ഒതുങ്ങിയതിന് ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2014ന് മുമ്പ് ബി.ജെ.പിയും വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരുന്നു.

എനിക്കറിയാം നിങ്ങള്‍ എന്നെ പരിഹസിക്കും. സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ഇട്ട് പരിഹസിക്കും. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണ്. കെജ്‌രിവാള്‍ പറഞ്ഞു.


Dont Miss ‘ഇത് ജനവിധി അട്ടിമറിക്കലാണ്’ ബി.ജെ.പി സര്‍ക്കാറിനെതിരെ തെരുവിലിറങ്ങി ഗോവന്‍ ജനത 


യന്ത്രത്തിലെ അപാകതകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അഭിപ്രായപ്പെട്ടിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ പാര്‍ട്ടി ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ചില എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലങ്ങളും ഇത് സൂചിപ്പിച്ചിരുന്നു. അത് എങ്ങനെ മാറി മറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.

വോട്ട് ചെയ്‌തെന്ന് ഉറപ്പാക്കുന്ന രസീതുമായി വോട്ടെണ്ണല്‍ ഫലം ഒത്തുനോക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഗോവയിലെ തോല്‍വി സമ്മതിച്ച കെജ്‌രിവാള്‍ ദല്‍ഹിയിലും ബിഹാറിലും വോട്ടെണ്ണല്‍ യന്ത്രത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും വ്യക്തമാക്കി.

കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് നടത്തണം. നിലവിലെ സ്ഥിതി തുടരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more