ബി.ജെ.പിയെ തകർക്കാൻ മൂന്നാം മുന്നണിക്ക് ലക്ഷ്യമിട്ട് കെജ്‌രിവാൾ; കത്തയച്ചവരിൽ പിണറായിയും സ്റ്റാലിനും
national news
ബി.ജെ.പിയെ തകർക്കാൻ മൂന്നാം മുന്നണിക്ക് ലക്ഷ്യമിട്ട് കെജ്‌രിവാൾ; കത്തയച്ചവരിൽ പിണറായിയും സ്റ്റാലിനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2023, 11:35 pm

ന്യൂദൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി രൂപവത്ക്കരിക്കാനൊരുങ്ങി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പി ഇതര, കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വിളിച്ചുചേർക്കാനാണ് കെജ്‌രിവാളിന്റെ നീക്കം.

എന്നാൽ ക്ഷണം അഭ്യർത്ഥിച്ച് അയച്ച കത്തുകൾക്ക് നേതാക്കന്മാരിൽനിന്ന് ശക്തമായ പ്രതികരണങ്ങൾ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

ഏഴ് മുഖ്യമന്ത്രിമാർക്കാണ് കെജ്‌രിവാൾ കത്തയച്ചത്. മാർച്ച് 18ന് ദൽഹിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു കത്ത്. സമാനവിഷയങ്ങളിൽ കേന്ദ്രവുമായി ഇടഞ്ഞുനിൽക്കുന്നവരുടെ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു ലക്ഷ്യം.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുടങ്ങിയ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.

നേരത്തെ കെ. ചന്ദ്രശേഖര റാവു സമാന ആവശ്യമുന്നയിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ മറ്റ് നേതാക്കളിൽ നിന്നും മതിയായ പ്രതികരണമില്ലാതിരുന്നതോടെയാണ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കോൺ​ഗ്രസ് ഇതര മുന്നണിക്കായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കൂടിക്കാഴ്ച നടത്തിയിരുന്നു. മമതാ ബാനര്‍ജിയുടെ കലിഘാട്ടിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അഖിലേഷ് യാദവ്.

കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും തുല്യ അകലം പാലിക്കുന്നവരെ മുന്നണിയില്‍ ചേര്‍ക്കാനാണ് നീക്കം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. വരും ആഴ്ചയില്‍ ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Kejriwal aims for third front to destroy BJP; Pinarayi and Stalin were among those who sent letters