'എനിക്കു കിട്ടിയ അടി മോദിക്കെതിരേ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്'; രൂക്ഷവിമര്‍ശനവുമായി കെജ്‌രിവാള്‍
D' Election 2019
'എനിക്കു കിട്ടിയ അടി മോദിക്കെതിരേ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്'; രൂക്ഷവിമര്‍ശനവുമായി കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 1:15 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തനിക്കു കിട്ടിയ അടിയെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി രാജിവെച്ചേ മതിയാകൂവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ആംആദ്മി പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട ശേഷം കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പരാതി ലഭിച്ചിട്ടില്ലെന്നാണ്. പരാതി ലഭിക്കാതെ തുടര്‍നടപടികളുമായി പോകാന്‍ പറ്റില്ലെന്നാണ്. കെജ്‌രിവാളിനെതിരായ ആക്രമണമല്ലിത്. ദല്‍ഹിയുടെ അധികാരത്തിന്‍ മേലുള്ള ആക്രമണമാണിത്. ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എനിക്കുനേരെയുണ്ടാകുന്ന ഒമ്പതാമത്തെ ആക്രമണമാണിത്. മുഖ്യമന്ത്രിയായശേഷമുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണവും. സ്വന്തം സുരക്ഷ പ്രതിപക്ഷപാര്‍ട്ടിയുടെ കൈകളിലുള്ള രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിയാണ് ഞാന്‍.’- അദ്ദേഹം പറഞ്ഞു.

നേരത്തേ തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കെജ്രിവാളിന് നേരെ യുവാവ് അതിക്രമം നടത്തിയത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കെജ്രിവാളിന്റെ മുഖത്തടിയ്ക്കുകയായിരുന്നു ഇയാള്‍. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ യുവാവ് ആം ആദ്മിക്കാരനാണെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്.

അക്രമിയുടെ ഭാര്യ തന്നെ തന്റെ ഭര്‍ത്താവ് മോദി ഭക്തനാണെന്ന് സമ്മതിച്ചെങ്കിലും പൊലീസ് അദ്ദേഹത്തെ ആം ആദ്മി പിന്തുണക്കാരനാക്കുകയായിരുന്നെന്നും ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ സിസോദിയ കുറ്റപ്പെടുത്തി.

സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന സുരേഷ് എന്ന 33കാരനാണ് കെജ്രിവാളിനെ അടിച്ചത്. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സുരേഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.