| Wednesday, 29th May 2019, 1:27 pm

മോദി തരംഗം ദല്‍ഹിയേയും തലോടി: തോല്‍വിയുടെ കാരണം വിശദീകരിച്ച് പ്രവര്‍ത്തകര്‍ക്ക് അരവിന്ദ് കെജ്‌രിവാളിന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ എ.എ.പിയ്ക്കുണ്ടായ തിരിച്ചടിയുടെ കാരണം വിശദീകരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലാണ് പ്രധാന പോരാട്ടം എന്നൊരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായെന്നും അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കുണ്ടായ തിരിച്ചടിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എ.എ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുള്ള കുറിപ്പിലാണ് കെജ്‌രിവാളിന്റെ വിശദീകരണം. മോദി തരംഗം ദല്‍ഹിയേയും തഴുകിയെന്നും അദ്ദേഹം പറയുന്നു.

‘നമ്മുടെ പ്രവര്‍ത്തകര്‍ എല്ലാ ഊര്‍ജ്ജവും ഉപയോഗിച്ച് മികച്ച പ്രചാരണം നടത്തി. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളും മികച്ചതായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പു ഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. തെരഞ്ഞെടുപ്പിനുശേഷമുള്ള വിശകലനത്തില്‍ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ് മനസിലായത്. ആദ്യത്തേത് രാജ്യത്ത് നിലനിന്നിരുന്ന അന്തരീക്ഷം ദല്‍ഹിയേയും തഴുകിയെന്നതാണ്. രണ്ടാമത്തേത് തെരഞ്ഞെടുപ്പിനെ മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമായാണ് ഞങ്ങള്‍ കണ്ടത്. അതിനനുസരിച്ച് വോട്ടു ചെയ്തു.’ അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എ.എ.പിക്ക് വോട്ടു ചെയ്യുമെന്ന അവര്‍ തനിക്ക് ഉറപ്പു നല്‍കുന്നുണ്ട്. ദല്‍ഹിയില്‍ നമ്മള്‍ ചെയ്ത അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ വോട്ടു ചെയ്യും. വിദ്യാഭ്യാസ, ആരോഗ്യ, ജല, വൈദ്യുത മേഖലകളില്‍ നമ്മള്‍ ചെയ്ത സേവനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറയുന്നു.

ദല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more