ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ എ.എ.പിയ്ക്കുണ്ടായ തിരിച്ചടിയുടെ കാരണം വിശദീകരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലാണ് പ്രധാന പോരാട്ടം എന്നൊരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായെന്നും അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കുണ്ടായ തിരിച്ചടിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എ.എ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുള്ള കുറിപ്പിലാണ് കെജ്‌രിവാളിന്റെ വിശദീകരണം. മോദി തരംഗം ദല്‍ഹിയേയും തഴുകിയെന്നും അദ്ദേഹം പറയുന്നു.
‘നമ്മുടെ പ്രവര്‍ത്തകര്‍ എല്ലാ ഊര്‍ജ്ജവും ഉപയോഗിച്ച് മികച്ച പ്രചാരണം നടത്തി. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളും മികച്ചതായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പു ഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. തെരഞ്ഞെടുപ്പിനുശേഷമുള്ള വിശകലനത്തില്‍ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ് മനസിലായത്. ആദ്യത്തേത് രാജ്യത്ത് നിലനിന്നിരുന്ന അന്തരീക്ഷം ദല്‍ഹിയേയും തഴുകിയെന്നതാണ്. രണ്ടാമത്തേത് തെരഞ്ഞെടുപ്പിനെ മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമായാണ് ഞങ്ങള്‍ കണ്ടത്. അതിനനുസരിച്ച് വോട്ടു ചെയ്തു.’ അദ്ദേഹം പറഞ്ഞു.