ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയെയും രാജ്യത്തെ ജനങ്ങളേയും വിഭജിക്കാന്‍ പാകിസ്ഥാന്‍ കഴിഞ്ഞ എഴുപതു വര്‍ഷമായി ശ്രമിച്ച് പരാജയപ്പെട്ടെന്നും, എന്നാല്‍ ബി.ജെ.പി കേവലം നാലു വര്‍ഷം കൊണ്ട് ഇത് സാധിച്ചുവെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തിനും ജനാധിപത്യ വ്യവസ്ഥയ്ക്കും പിന്നെ നിലനില്‍പ്പുണ്ടാവില്ലെന്നും കെജ് രിവാള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു. ദല്‍ഹിയില്‍ ജുമാ മസ്ജിദിന് സമീപം നടന്ന റാലിയിലാണ് ജനങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരു പ്രധാനമന്ത്രി ആകുമെന്നതല്ല വിഷയമെന്നും, അമിത് ഷായെയും മോദിയേയും പുറത്താക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ഈ രാജ്യത്തോട് എന്തെങ്കിലും തരത്തിലുള്ള വൈകാരിക അടുപ്പം ഉള്ളവര്‍ എന്തു വില കൊടുത്തും 2019ല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം”- കെജ്‌രിവാള്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കെതിരെ സഖ്യമുണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കോണ്‍ഗ്രസിനോട് സംസാരിച്ച് കുഴങ്ങിയെന്നും അവര്‍ക്കത് മനസിലാവുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. സഖ്യമുണ്ടായാല്‍ ദല്‍ഹിയില്‍ ബി.ജെ.പിയ്ക്കുള്ള എല്ലാ സീറ്റുകളും തിരിച്ചു പിടിക്കാനാവുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ മനസില്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ശരദ്പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയ്ക്കൊപ്പം കെജ്രിവാളും പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം ബംഗാളിലും ദല്‍ഹിയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നിച്ച് മത്സരിക്കണമെന്നാണ് കെജ്രിവാള്‍ പ്രതികരിച്ചിരുന്നത്.