JNU
'വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് സുരക്ഷിതരല്ലെങ്കില്‍ രാജ്യം എങ്ങനെ പുരോഗതി നേടും' ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമത്തെ അപലപിച്ച് അരവിന്ദ് കെജരിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 05, 03:41 pm
Sunday, 5th January 2020, 9:11 pm

ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തെ അപലപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ക്യാമ്പസിനകത്ത് സുരക്ഷിതരല്ലെങ്കില്‍ എങ്ങനെ നമ്മുടെ രാജ്യം പുരോഗതി നേടുമെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ജെ.എന്‍.യു വിലെ അക്രമത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. വിദ്യാര്‍ത്ഥികള്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. പൊലീസ് തീര്‍ച്ചയായും പെട്ടെന്നുതന്നെ നടപടിയെടുത്ത് സമാധാനം പുന:സ്ഥാപിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ക്യാമ്പസിനകത്ത് സുരക്ഷിതരല്ലെങ്കില്‍ എങ്ങനെ നമ്മുടെ രാജ്യം പുരോഗതി നേടും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടിരുന്നു. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.