| Tuesday, 16th January 2024, 7:05 pm

ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുമെന്ന നിലപാട് ഉപേക്ഷിച്ച് ഇംഗ്ലണ്ടിലെ ലേബർ പാർട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുമെന്ന ലേബർ പാർട്ടിയുടെ നിലപാട് ഉപേക്ഷിച്ച് പാർട്ടി അധ്യക്ഷനും ബ്രിട്ടന്റെ പ്രതിപക്ഷ നേതാവുമായ കെയർ സ്റ്റാർമർ. ഇസ്രഈലുമായുള്ള ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ഇനി ഫലസ്തീനെ അംഗീകരിക്കൂ എന്നും സ്റ്റാർമർ അറിയിച്ചു.

ദ്വിരാഷ്ട്ര പരിഹാരത്തിന് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും ഒരു പ്രക്രിയയുടെ ഭാഗമായിരിക്കും അംഗീകാരം എന്നും ജൂയിഷ് ക്രോണിക്കിളിനോട്‌ സ്റ്റാർമർ പറഞ്ഞു.

ഇസ്രഈൽ രാഷ്ട്രത്തിനൊപ്പം ഫലസ്തീൻ രാഷ്ട്രത്തെയും അംഗീകരിക്കുവാൻ അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് ഒക്ടോബറിൽ ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി നയം പാസാക്കിയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ സ്റ്റാർമർ മലക്കം മറിഞ്ഞത്.

ഗസയിൽ ഇസ്രഈലി ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ സംഘർഷത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ലേബർ പാർട്ടി അംഗങ്ങൾക്ക് വിലക്കുണ്ടായിരുന്നു. ലേബർ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും ശക്തമായ താക്കീതുമുണ്ടായിരുന്നു.

കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനിൽ ഇസ്രഈലിനെ വർണവിവേചന രാഷ്ട്രം എന്ന് വിശേഷിപ്പിക്കുന്നതിനെയും പാർട്ടി വിലക്കിയിരുന്നു.

ഗസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യത്തെ ലേബർ പാർട്ടി പിന്തുണയ്ക്കാത്തതിൽ പ്രതിഷേധിച്ച് ധാരാളം കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായി നവംബറിൽ ലേബർ പാർട്ടിയിലെ 56 എം.പിമാർ ഹൗസ് ഓഫ് കോമൺസിൽ വെടിനിർത്തലിന് വേണ്ടി വോട്ട് ചെയ്തിരുന്നു.

Content Highlight: Keir Starmer dumps party policy to recognise Palestinian statehood

We use cookies to give you the best possible experience. Learn more