കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തി ദേശീയപാത വികസനം നടപ്പിലാക്കാനുള്ള പദ്ധതിക്കെതിരെ രൂപം കൊണ്ട ജനകീയ സമരമാണ് കീഴാറ്റൂര്‍ സമരം. കീഴാറ്റൂരിലൂടെയുള്ള ദേശീയപാത വികസനം ഗുരുതരമായ പരിസ്ഥിതി ചൂഷണത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട വയല്‍ക്കിളി കൂട്ടായ്മയാണ് സമരം ആരംഭിക്കുന്നത്. കീഴാറ്റൂര്‍ സമരത്തിനെതിരെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ പ്രത്യക്ഷമായി രംഗത്തെത്തിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ഇത്തരം കക്ഷികള്‍ തങ്ങളെ ചതിക്കുകയായിരുന്നെന്ന് വയല്‍ക്കിളി സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു സുരേഷ് കീഴാറ്റൂര്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കീഴാറ്റൂര്‍ സമരത്തില്‍ രാഷ്ട്രീയ കക്ഷികളുടെ ഉദാസീനതയില്‍ പ്രതിഷേധിച്ച്, സുരേഷ് 17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ കീഴടക്കിയ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടന്ന് പിന്നീട് വയല്‍ക്കിളികള്‍ക്കിടയിലും കീഴാറ്റൂര്‍ ഐക്യദാര്‍ഡ്യ സമിതിയിലും അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് താന്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്നും സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ തന്നെ നിയന്ത്രിക്കുന്ന ഈ തെരഞ്ഞെടുപ്പ് എന്ന റെയില്‍ പാളത്തിന് തല വെക്കേണ്ടതില്ല എന്നതാണ് വയല്‍ക്കിളികളുടെ തീരുമാനം എന്നായിരുന്നു സുരേഷ് പറഞ്ഞത്. എന്നാല്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് വയല്‍ക്കിളി സംഘത്തില്‍ പ്പെട്ടവരുടെ വ്യക്തിപരമായ തീരുമാനമായിരിക്കുമെന്നും സുരേഷ് പറഞ്ഞു.
തങ്ങള്‍ വികസനവിരുദ്ധരായി മുദ്ര കുത്തപ്പെടുന്നതായും, എന്നാല്‍ വികസനത്തിന്റെ മറവില്‍ ഹൈവേ അതോറിറ്റിയില്‍ നടക്കുന്ന അഴിമതി ആരും കണക്കിലെടുക്കുന്നില്ലെന്നും സുരേഷ് പറയുന്നു. ഹൈവേ അതോറിറ്റി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരെപ്പോലെ പ്രവര്‍ത്തിക്കുന്നതായും സുരേഷ് കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചെങ്കിലും, തെരഞ്ഞെടുപ്പ് സമയത്ത് കീഴാറ്റൂരടക്കം പാരിസ്ഥിതിക വിഷയങ്ങള്‍ ഉന്നയിച്ച് പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറയുന്നു.
സമര പശ്ചാത്തലം
ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരിലെ നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ നടന്ന പ്രതിഷേധമാണ് വയല്‍ക്കിളി സമരം. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവിക പ്രതിഷേധങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപാസ് ഉണ്ടാക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നത്. എന്നാല്‍ ഈ ജനവാസകേന്ദ്രമായ ഈ പ്രദേശത്തിലൂടെ ദേശീയപാത വികസിപ്പിക്കുമ്പോള്‍ നിരവധി വീടുകള്‍ പൊളിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയര്‍ന്നു വന്നപ്പോഴാണ് കീഴാറ്റൂരിലൂടെ അലൈന്‍മെന്റ് നിര്‍മ്മിക്കാന്‍ ബദല്‍ നിര്‍ദ്ദേശം വന്നത്. പദ്ധതി കീഴാറ്റൂരിലൂടെ നടത്തുമ്പോള്‍ മുപ്പതോളം വീടുകള്‍ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു മെച്ചമായി വിലയിരുത്തപ്പെട്ടത്. എന്നാല്‍ കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് ദോഷം ചെയ്യുമെന്ന് കാണിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തടക്കം രംഗത്തെത്തിയിരുന്നു.
സുരേഷ് കീഴാറ്റൂറുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന തീരുമാനവും അതില്‍ നിന്ന് പിന്മാറാനുണ്ടായ സാഹചര്യവും
ഈ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരിസ്ഥിതി വിഷയം ഉന്നിക്കാന്‍ പറ്റിയ സജീവമായ മേഖലായിട്ടാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ കണ്ടത്. പക്ഷെ കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയിലും വയല്‍ക്കിളികളുടെ കൂട്ടായ്മയിലും ഞങ്ങള്‍ ഇതിനെക്കുറിച്ച് ജനാധിപത്യരീതിയില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. രാജ്യത്ത് നടക്കുന്ന കോര്‍പ്പറേറ്റ് വികസനത്തിന്റെ ദുരന്തഫലമാണ് കീഴാറ്റൂര്‍ സമരം. അത്തരം ഒരു സമരം പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാത്രം വിലയിരുത്തപ്പെടേണ്ടതല്ല എന്ന വികാരമാണ് പൊതുവില്‍ ഉയര്‍ന്നു വന്നത്. കോര്‍പ്പറേറ്റുകള്‍ തന്നെ നിയന്ത്രിക്കുന്ന ഈ തെരഞ്ഞെടുപ്പ് എന്ന റെയില്‍പാളത്തിന് തല വെക്കേണ്ടതില്ല എന്നതാണ് വയല്‍ക്കിളികളുടെ തീരുമാനം.
തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ കീഴാറ്റൂര്‍ സമരത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം
പരിസ്ഥിതിക്ക് പ്രധാന്യം കൊടുത്തു കൊണ്ടൊരു രാഷ്ട്രീയ മുന്നറ്റത്തിന്റെ ആവശ്യകത കേരളത്തിലുണ്ട്. അതിനാവശ്യമായ ഒരു ബൗദ്ധിക സാഹചര്യം ഉയര്‍ന്നെങ്കിലും, തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കത്തക്കവണ്ണം പരിസ്ഥിതി സമരങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ല. കാരണം തെരഞ്ഞെടുപ്പ് പരിസ്ഥിതിക്ക് ഇടമില്ലാത്ത, കേവലം രാഷ്ട്രീയ പോരാട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഒരു ഹരിത രാഷ്ട്രീയ ബോധം ജനങ്ങള്‍ക്ക് ഉണ്ടാവുന്ന സാഹചര്യത്തില്‍ മാത്രമേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പരിസ്ഥിതി പോരാട്ടങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയു എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.
രണ്ടാമത്, തെരഞ്ഞെടുപ്പിലൂടെ അതിന്റെ വിജയപരാജയങ്ങള്‍ക്കപ്പുറത്ത് ആ തെരഞ്ഞെടുപ്പിലേക്കെത്തുന്ന കളക്ടീവ് ഫോഴ്‌സായി ഇത് മാറണമെങ്കില്‍ പോരാട്ടങ്ങളാണ് മുന്നോട്ട് കൊണ്ടുപോവേണ്ടത്. വയല്‍ക്കിളി പോരാട്ടത്തിന്റെ തീക്ഷ്ണമായ ഒരു ഘട്ടം കഴിഞ്ഞെങ്കിലും റോഡ് അവിടെ വന്നിട്ടില്ല. കടലാസ് പണികള്‍ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും റോഡ് ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. റോഡ് ഉണ്ടാക്കാന്‍ തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍ പോരാട്ടത്തിന്റെ വലിയ ഒരു സാധ്യത അവിടെ തുറന്നു കിടക്കുകയാണ്.
പരിസ്ഥിതി വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായി വയല്‍ക്കിളി സമരം മാറാനുള്ള സാധ്യത
രാഷ്ട്രീയ പാര്‍ട്ടി എന്ന് പറയുമ്പോള്‍ പരിസ്ഥിതി വിഷയങ്ങളില്‍ ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല. രാഷ്ട്രീയ പാര്‍ട്ടി എന്നു പറയുമ്പോള്‍ ഒരു മനുഷ്യന്റെ, അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ മുന്നോട്ടു പോക്കിന്റെ ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെക്കുന്ന ഒന്നായിരിക്കണം. പക്ഷെ ഈ കാഴ്ച്ചപ്പാടുകള്‍ എല്ലാം സംരക്ഷിക്കപ്പെടണമെങ്കില്‍ അത് പരിസ്ഥിതിയെ മുന്‍നിര്‍ത്തിക്കൊണ്ടായിരിക്കണം. ഈ ചോദ്യത്തിന്റെ പ്രസക്തി എന്തെന്നാല്‍, കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് ട്വന്റി-ട്വന്റി പോലുള്ള പ്രസ്താനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലേക്ക് അത് വളര്‍ന്നെങ്കില്‍, അത് ഇന്ത്യക്ക് മാതൃകയായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ ചോദ്യം ചെയ്യുന്നുണ്ട്. അതിന് ട്വന്റി-ട്വന്റി പ്രസ്ഥാനത്തെയല്ല കുറ്റപ്പെടുത്തേണ്ടത്.
കേരള രാഷ്ട്രീയത്തിന്റെ അപചയമാണ്. ഇവിടെ ഹരിത രാഷ്ട്രീയം ആവശ്യമാണ്. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ ഒരു ഘടകം മാത്രമാണ് പരിസ്ഥിതി രാഷ്ട്രീയം. പരിസ്ഥിതി വിഷയങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള ഇടതുപക്ഷ നിശ്ചലമായിരിക്കുന്ന സാഹചര്യം ഉണ്ടാവുന്നത് അത്തരം ഒരു ബദല്‍ രാഷ്ട്രീയം രൂപം കൊള്ളുന്നതിലേക്ക് നയിക്കാം. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ ഇതിനെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്നതാണ് ഞങ്ങളെ പോലുള്ള കൂട്ടായ്മകളുടെ പ്രസക്തി. വയല്‍ക്കിളി സമരമായാലും ശരി, എന്‍ഡോസള്‍ഫാന്‍ സമരം ആയാലും, വെപ്പിന്‍ സമരം ആയാലും, പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് വികസന മാതൃകള്‍ ഉണ്ടാക്കാന്‍ കഴിവുള്ള അന്തരീക്ഷമാണ് കേരളത്തിലേത്. അതിനോട് മുഖം തിരിച്ചു നിന്നാല്‍ തീര്‍ച്ചയായും കേരളത്തില്‍ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നു വരിക തന്നെ ചെയ്യും.
പ്രത്യക്ഷമായ പരിസ്ഥിതി വിരുദ്ധ അജണ്ടയുള്ള ബി.ജെ.പിയെ പോലൊരു പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാനുണ്ടായ സാഹചര്യം
നമ്മള്‍ കേരളത്തിനകത്ത് ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം ജനങ്ങള്‍ തങ്ങളുടെ പരിസ്ഥിതിയെ സംരക്ഷിക്കാനായി ഒരു സമരം തുടങ്ങിയപ്പോള്‍ ആ സമരത്തിന് ലഭിച്ച ഒരു പിന്തുണയേയും അവഗണിച്ചില്ല. അതിലൊരു പാര്‍ട്ടിയായിരുന്നു ബി.ജെ.പി. പക്ഷെ എന്തായിരുന്നു ഞങ്ങളുടെ അനുഭവം. ഒരുപാട് കാലത്തെ അനുഭവങ്ങളിലൂടെ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടിയോ മറ്റോ ഒന്നുമല്ല. ഞങ്ങളുടെ പ്രദേശവും ഞങ്ങളുടെ പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി നടത്തുന്ന ഒരു പോരാട്ടത്തില്‍ ഞങ്ങളെ സഹായിക്കാനായി ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീ കക്ഷി സഹായിക്കാനെത്തുമ്പോള്‍, നിങ്ങള്‍ കടക്കൂ പുറത്ത് എന്ന് പറയേണ്ടവരല്ല ഞങ്ങള്‍.
അത് ഞങ്ങളുടെ പ്രദേശത്തെ നിലനിര്‍ത്താനുണ്ടായ ഒരു പോരാട്ടത്തിനു വേണ്ടിയായിരുന്നു. പക്ഷെ കേരളത്തില്‍ നാളെ വരാനിരിക്കുന്ന ജനകീയ സമരങ്ങളില്‍ ബി.ജെ.പി കടന്നു വരുമ്പോള്‍ അവരെ ഓഡിറ്റ് ചെയ്യാനുള്ള വലിയ ഉദാഹരണമായി മാറി കേരളത്തിലെ വയല്‍ക്കിളി സമരം. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് ഞങ്ങളുടെ അനുഭവത്തില്‍ നിന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന നയത്തിന്റെ ഉത്പന്നമാണ് വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ വികസന നയങ്ങള്‍ അതേപടി നടപ്പാക്കുമ്പോള്‍ കേരളം പോലുള്ള ചെറിയ പ്രദേശത്ത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമാകുന്നു. ഈയൊരു വശം കണ്ടില്ലായെന്ന് നടിക്കുന്നത് കേരളത്തിന്റെ മുന്നോട്ടു പോക്കിന് വലിയ തടസ്സം നില്‍ക്കും. ഇതിന് ഇടതുപക്ഷം കൂട്ടു നില്‍ക്കുന്നത് ദുഖകരമാണ്.
പരിസ്ഥിതിയെ മുന്‍ നിര്‍ത്തിയുള്ള നയങ്ങള്‍ക്ക് പ്രായോഗിക തലത്തില്‍ കേരളം എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് ?
കേരളത്തില്‍ ഇടതുപക്ഷം നിരവധി തവണ കേരളത്തില്‍ അധികാരത്തിലിരുന്നിട്ടുണ്ട്. പക്ഷെ നിങ്ങള്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സ്ഥലങ്ങള്‍ നോക്കൂ, അവിടെയെല്ലാം സി.പി.ഐ.എം-സി.പി.ഐ അടങ്ങുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടികളൊക്കെ തന്നെ മോദിയുടെ ഉദാരവത്ക്കരണത്തിനെതിരെ കര്‍ഷക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുതലാളിത്തവും കോര്‍പറേറ്റ്വത്ക്കരണവുമൊക്കെ കൃഷിക്കാരനെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്നതിനെതിരെ നടത്തിയ പോരാട്ടങ്ങളാണ്.
എന്നാല്‍ അധികാരത്തില്‍ ഇടയ്ക്കിടെ വരുന്ന കേരളത്തില്‍ മോദിയുടെ കോര്‍പറേറ്റ്വത്ക്കരണത്തെ ഇടതുപക്ഷം അംഗീകരിക്കുകയാണ് ചെയ്യുന്നത്. മൂലധന ശക്തികളുടെ താത്പര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സ്ഥലത്ത് ഭംഗിയായി നടപ്പാക്കി കൊടുക്കുകയാണെന്ന് കാണാം. ഇതിന്റെ ദുരന്തഫലം ബംഗാളില്‍ നന്ദീഗ്രാമിലും സിംഗൂരിലൂടെയും അനുഭവിച്ചതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പക്ഷെ ആ പാഠത്തില്‍ നിന്ന് കേരളത്തിലെ സി.പി.ഐ.എം പഠിക്കുന്നില്ലെന്ന് തന്നെയാണ് കീഴാറ്റൂര്‍ പോലെയുള്ള പ്രശ്നങ്ങള്‍ തെളിയിച്ച് കൊണ്ടിരിക്കുന്നത്.