കണ്ണൂര്‍: മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഉയര്‍ത്തിയ കോര്‍പറേറ്റ് വികസന വിരുദ്ധ മുദ്രാവാക്യം തന്നെയാണ് കീഴാറ്റൂരിലെ കര്‍ഷകരും ഉയര്‍ത്തുന്നതെന്ന് കീഴാറ്റൂര്‍ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍. കൃഷിപ്പണി ചെയ്ത് ജീവിക്കാനുള്ള അവകാശമാണ് ഇവിടെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും സമരസമിതി ആരോപിച്ചു.
ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരം നയത്തില്‍ നിന്നു പിന്മാറണമെന്നും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന നയം നടപ്പിലാക്കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
ചൂതാട്ടവിരുദ്ധ സമരത്തില്‍ കൊല്ലപ്പെട്ട രമേശന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സുരേഷ് കീഴാറ്റൂര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖത്തു കരിവാരിത്തേച്ചുകൊണ്ടാണ് കീഴാറ്റൂരില്‍ കോര്‍പറേറ്റ് വികസനം നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കീഴാറ്റൂരില്‍ ഭൂമി അളക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വയല്‍ ഭൂമിയില്‍ ഒത്തുചേര്‍ന്ന കര്‍ഷകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്.
സ്ത്രീകളും വൃദ്ധരും അടങ്ങുന്ന കര്‍ഷകരാണ് വയല്‍ ഭൂമിയില്‍ പ്രതിഷേധിക്കുന്നത്. കയ്യില്‍ മണ്ണെണ്ണയുമായാണ് കര്‍ഷകരുടെ പ്രതിഷേധം. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ടെങ്കിലും ഇത് വരെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ദേശീയപാത ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞാല്‍ മാത്രമാകും പൊലീസ് വിഷയത്തില്‍ ഇടപെടുക.
ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ തളിപ്പറമ്പ് ടൗണില്‍ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മിക്കുന്നത്. വയല്‍ നികത്തുന്നതിനെതിരെ സി.പി.ഐ.എം മുന്‍ പ്രാദേശിക നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണു പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വയല്‍ക്കിളി കൂട്ടായ്മ രൂപീകരിച്ചു സമരത്തിനിറങ്ങിയത്.