കോഴിക്കോട്: ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കീഴാറ്റൂര്‍ ബൈപ്പാസിന് വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിനെ തുടര്‍ന്ന് വയല്‍ പ്രദേശം സന്ദര്‍ശിച്ചെന്നും അതോടെ ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞതായി മനസിലാക്കിയെന്നും പി.ജയരാജന്‍ പറഞ്ഞു.
“കീഴാറ്റൂരിലെ 250 ഏക്കര്‍ വയല്‍പ്രദേശം ഏറ്റെടുക്കേണ്ടി വരും എന്നതായിരുന്നു ആദ്യ നുണ. എന്നാല്‍ സര്‍വേ പൂര്‍ത്തിയായപ്പോള്‍ 11 ഏക്കര്‍ മാത്രമേ വരികയുള്ളൂ എന്ന് എല്ലാവര്‍ക്കും ബോധ്യമായി. കീഴാറ്റൂര്‍ വയലിലൂടെ ഒഴുകുന്ന തോട് പൂര്‍ണ്ണമായും ഇല്ലാതാകും എന്നായിരുന്നു രണ്ടാമത്തെ നുണ. സര്‍വേ കല്ലുകള്‍ തോടിനു പുറത്താണ്. തോട് തോടായി നില്‍ക്കുമെന്ന് സാരം. കീഴാറ്റൂര്‍ നെല്‍ വയലുകളാകെ ഇല്ലാതാകും എന്നായിരുന്നു അടുത്ത നുണ. എന്നാല്‍ നെല്‍ വയലിന്റെ ഒരു ഭാഗം മാത്രമേ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ബാക്കി ഭാഗം നെല്‍കൃഷി നടത്തുന്നതിന് യാതൊരു തടസവുമില്ല” ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ജയരാജന്‍ പറഞ്ഞു.
കീഴാറ്റൂരില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റ് ഒന്നിന് 3 മുതല്‍ 4 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാര തുക. കൊണ്ഗ്രസ്സോ ബിജെപിയെ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്കുന്നുണ്ടോ എന്ന് അവര്‍ വ്യക്തമാക്കണമെന്നും കീഴാറ്റൂരിള്‍ ബൈപ്പാസ് വരേണ്ടത് നാട്ടിലെ എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണെന്നും അതിന് വേണ്ടി ജനങ്ങളാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കീഴാറ്റൂര്‍ ബൈപ്പാസിന് വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിനെ തുടര്‍ന്ന് വയല്‍ പ്രദേശം സന്ദര്‍ശിക്കുകയുണ്ടായി.
അതോടെ ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞതായി മനസിലാക്കി.
കീഴാറ്റൂരിലെ 250 ഏക്കര്‍ വയല്‍പ്രദേശം ഏറ്റെടുക്കേണ്ടി വരും എന്നതായിരുന്നു ആദ്യ നുണ. എന്നാല്‍ സര്‍വേ പൂര്‍ത്തിയായപ്പോള്‍ 11 ഏക്കര്‍ മാത്രമേ വരികയുള്ളൂ എന്ന് എല്ലാവര്‍ക്കും ബോധ്യമായി. കീഴാറ്റൂര്‍ വയലിലൂടെ ഒഴുകുന്ന തോട് പൂര്‍ണ്ണമായും ഇല്ലാതാകും എന്നായിരുന്നു രണ്ടാമത്തെ നുണ. സര്‍വേ കല്ലുകള്‍ തോടിനു പുറത്താണ്. തോട് തൊടായി നില്‍ക്കുമെന്ന് സാരം.
കീഴാറ്റൂര്‍ നെല്‍ വയലുകളാകെ ഇല്ലാതാകും എന്നായിരുന്നു അടുത്ത നുണ. എന്നാല്‍ നെല്‍ വയലിന്റെ ഒരു ഭാഗം മാത്രമേ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ബാക്കി ഭാഗം നെല്‍കൃഷി നടത്തുന്നതിന് യാതൊരു തടസവുമില്ല.
ചില മാധ്യമങ്ങള്‍ സമരക്കാരുടെ പന്തല്‍ സിപിഐ(എം) കാര്‍ തീയിട്ടു എന്ന പ്രചാരണം വ്യാപകമായി നടത്തി. പന്തല്‍ തീയിട്ട സംഭവത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. എന്നാല്‍ സമരക്കാരാണ് രാവിലെ മുതല്‍ വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കീഴാറ്റൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി സമരക്കാര്‍ പന്തല്‍ കിട്ടിയിരിക്കുന്നത്. ഇതേ കുറിച്ച് ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നടത്തിയ സമരതാത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ബൈപ്പാസ് വിരുദ്ധ സമരക്കാരോട് സിപിഐ(എം) കൈക്കൊള്ളുന്ന നിലപാട് എന്നാണ് മറ്റൊരു വിമര്‍ശനം. കീഴാറ്റൂരില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റ് ഒന്നിന് 3 മുതല്‍ 4 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാര തുക. കൊണ്ഗ്രസ്സോ ബിജെപിയെ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്കുന്നുണ്ടോ എന്ന് അവര്‍ വ്യക്തമാക്കണം. നാടിന്റെ വികസനം, അദ്ധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പര്യ സംരക്ഷണം എന്നിവയാണ് സിപിഐ(എം) നടത്തുന്ന എല്ലാ സമരങ്ങളുടെയും അടിസ്ഥാനം. ഇക്കാര്യത്തില്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പാര്‍ട്ടി കൈക്കൊള്ളുന്ന സമീപനങ്ങളില്‍ പൊരുത്തക്കേടില്ലെന്നു മാത്രമല്ല തികഞ്ഞ ഏകീഭാവമുണ്ട് താനും. കീഴാറ്റൂരിള്‍ ബൈപ്പാസ് വരേണ്ടത് നാട്ടിലെ എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണ്. അതിന് വേണ്ടി ജനങ്ങളാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്.