|

ദയവ് ചെയ്ത് എന്നെ അങ്കിളേയെന്ന് വിളിക്കരുതെന്ന് അന്ന് ആ മലയാള നടന്‍ പറഞ്ഞു: കീര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായിട്ടാണ് നടി സിനിമയില്‍ എത്തുന്നത്. പൈലറ്റ്‌സ് (2000), അച്ഛനെയാണെനിക്കിഷ്ടം (2001), കുബേരന്‍ (2002) എന്നീ സിനിമകളിലായിരുന്നു കീര്‍ത്തി ബാലതാരമായി അഭിനയിച്ചത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി നായികയായി എത്തുന്നത്. പിന്നീട് റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായും കീര്‍ത്തി അഭിനയിച്ചു.

അതിന് മുമ്പ് കുബേരനില്‍ ബാലതാരമായി ദിലീപിനൊപ്പം തന്നെയായിരുന്നു നടി അഭിനയിച്ചത്. ആദ്യം ബാലതാരമായും പിന്നീട് നായികയായും ദിലീപിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്. അദ്ദേഹത്തോടൊപ്പം ഇങ്ങനെ അഭിനയിക്കാന്‍ വേണ്ടി തീരുമാനമെടുക്കാന്‍ ഏറെ ചിന്തിക്കേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.

‘റിംഗ് മാസ്റ്ററില്‍ അഭിനയിക്കാന്‍ ഞാന്‍ അത്രയധികം ചിന്തിച്ചിട്ടൊന്നുമില്ല. ചെറുപ്പം മുതലേ ദിലീപേട്ടനെ എനിക്ക് നന്നായി അറിയാവുന്നതാണ്. ഞാന്‍ ബാല്യത്തില്‍ നിന്നും വളര്‍ന്നു എന്നല്ലാതെ അദ്ദേഹത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല.

റിംഗ് മാസ്റ്റര്‍ സിനിമയില്‍ ഞാനാണ് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് എന്ന് അറിഞ്ഞ ഉടനെ തന്നെ അദ്ദേഹം എനിക്ക് ഫോണ്‍ ചെയ്തിരുന്നു. ‘കീര്‍ത്തി ചെറുപ്പത്തിലെ ഓര്‍മ വെച്ച് എന്നെ അങ്കിളേ എന്നൊന്നും ദയവ് ചെയ്ത് വിളിക്കരുത്. ചേട്ടാ എന്നേ വിളിക്കാവൂ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അന്ന് ഞാന്‍ ‘ഓക്കെ ചേട്ടാ’ എന്നുപറഞ്ഞു. അങ്ങനെ ഞാന്‍ റിംഗ് മാസ്റ്ററില്‍ അഭിനയിക്കാന്‍ പോയി. ശരിക്കും വളരെ ജോളിയായ ഒരു സെറ്റ് തന്നെയായിരുന്നു അത്. എന്റെ ആദ്യത്തെ ഹിറ്റ് പടവും റിംഗ് മാസ്റ്റര്‍ തന്നെയായിരുന്നു,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh Talks About Ring Master And Dileep