| Tuesday, 7th January 2025, 3:16 pm

അന്ന് നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് ആദ്യം ലഭിച്ച കോള്‍ ആ മലയാള നടന്റേത്: കീര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി നായികയായി എത്തുന്നത്. അതിന് മുമ്പ് പൈലറ്റ്സ് (2000), അച്ഛനെയാണെനിക്കിഷ്ടം (2001), കുബേരന്‍ (2002) എന്നീ സിനിമകളില്‍ ബാലതാരമായിട്ടായിരുന്നു കീര്‍ത്തി സുരേഷ് അഭിനയിച്ചത്.

സൈക്കോളജിസ്റ്റ് ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ആയിരുന്നു ഗീതാഞ്ജലിയില്‍ നായകനായി എത്തിയത്. ഇപ്പോള്‍ ഗീതാഞ്ജലിയില്‍ അഭിനയിച്ചതിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് കീര്‍ത്തി സുരേഷ്.

മോഹന്‍ലാലിന്റെ സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചതെന്നും തനിക്ക് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ലഭിച്ച കോള്‍ അദ്ദേഹത്തിന്റേതായിരുന്നെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. ഗലാട്ടാ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ലാല്‍ അങ്കിളിന്റെ സിനിമയിലൂടെയാണ് എന്റെ കരിയര്‍ ആരംഭിക്കുന്നത്. എനിക്ക് സിനിമയോട് നല്ല പാഷനുണ്ടായിരുന്നു. എനിക്ക് എപ്പോഴും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനോട് ഞാന്‍ എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ആദ്യം പഠിത്തം പൂര്‍ത്തിയാക്കാനാണ്.

ഞാന്‍ പ്ലസ് ടു കഴിഞ്ഞതും വീണ്ടും അച്ഛനോട് ചെന്ന് സംസാരിച്ചിരുന്നു. അപ്പോള്‍ ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പറയുകയായിരുന്നു. അങ്ങനെ കോളേജില്‍ പഠിക്കുമ്പോഴാണ് പ്രിയന്‍ അങ്കിള്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങണമെന്നും പറഞ്ഞു.

ഞാന്‍ അങ്ങനെ ഷൂട്ടിന്റെ ആദ്യ ദിവസം ലൊക്കേഷനില്‍ എത്തുമ്പോള്‍ അവിടെ ലാല്‍ അങ്കിളും ഉണ്ടായിരുന്നു. അദ്ദേഹത്തിനെ മുമ്പും പല തവണ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ആദ്യ സിനിമയുടെ ആദ്യത്തെ ദിവസം തന്നെ ലാല്‍ അങ്കിളിനെ കാണാന്‍ സാധിച്ചു.

ഞാന്‍ അപ്പോള്‍ അങ്കിള്‍ ഡയലോഗ് പറയുമ്പോഴൊക്കെ അദ്ദേഹത്തെ നോക്കി നില്‍ക്കുകയായിരുന്നു. പിന്നെ പെട്ടെന്നാകും ഞാനും ആ സീനിലുണ്ടല്ലോയെന്ന് ഓര്‍ക്കുക. അദ്ദേഹത്തിന്റെ കൂടെ ആ സിനിമ ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യം തന്നെയാണ്.

എന്റെ അച്ഛനും പ്രിയന്‍ അങ്കിളും ലാല്‍ അങ്കിളും ഒരുമിച്ച് വളര്‍ന്നവരാണ്. അവര്‍ ആദ്യ സിനിമ തന്നെ ഒരുമിച്ചായിരുന്നു ചെയ്തത്. എന്റെ ആദ്യ സിനിമയും അവരുടെ കൂടെ തന്നെയായിരുന്നു. അതിനേക്കാള്‍ വലിയ ഒരു ഭാഗ്യം വേറെ കിട്ടാനുണ്ടായിരുന്നില്ല.

ലാല്‍ അങ്കിളിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. അതായത് നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് ആദ്യം ലഭിച്ച കോള്‍ ലാല്‍ അങ്കിളിന്റേതായിരുന്നു,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh Talks About Mohanlal

We use cookies to give you the best possible experience. Learn more