Advertisement
Entertainment
ഹ്യൂമര്‍ സെന്‍സ് കൂടുതലാണ്; ആ നടന്‍ ഒപ്പമുണ്ടെങ്കില്‍ പോസിറ്റീവ് എനര്‍ജി കിട്ടും: കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 02:45 am
Thursday, 13th March 2025, 8:15 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി, നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളാണ്. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലാണ് കീര്‍ത്തി ആദ്യമായി നായികയായി എത്തുന്നത്.

ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. ഈയിടെ ഒരു ബോളിവുഡ് സിനിമയിലും കീര്‍ത്തി അഭിനയിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ തമിഴിലെ മിക്ക മുന്‍നിര താരങ്ങളോടൊപ്പവും അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ തന്നോടൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്. നടന്മാരായ വിക്രം, വിശാല്‍, സൂര്യ എന്നിവരെ കുറിച്ചാണ് നടി സംസാരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരേയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് വിക്രമെന്നാണ് കീര്‍ത്തി പറയുന്നത്.

അദ്ദേഹത്തിന് ഹ്യൂമര്‍ സെന്‍സ് കൂടുതലാണെന്നും വിക്രം ഒപ്പമുണ്ടെങ്കില്‍ കൂടുതല്‍ പോസിറ്റീവ് എനര്‍ജി കിട്ടുമെന്നും നടി പറഞ്ഞു. വിശാല്‍ എപ്പോഴും ഊര്‍ജസ്വലനായിരിക്കുമെന്നും സൂര്യ അധികം സംസാരിക്കില്ലെന്നും നടി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

‘ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരേയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് വിക്രം സാര്‍. അദ്ദേഹത്തിന് ഹ്യൂമര്‍ സെന്‍സ് കൂടുതലാണ്. വിക്രം ഒപ്പമുണ്ടെങ്കില്‍ നമുക്ക് കൂടുതല്‍ പോസിറ്റീവ് എനര്‍ജി കിട്ടും. ഒപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ എന്താണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം തന്നെ പറഞ്ഞുതരികയും ചെയ്യും.

വിശാല്‍ ഉത്തരവാദിത്വ ബോധമുള്ള ഒരു നടനാണ്. രാത്രി പകല്‍ എന്നില്ലാതെ ഷൂട്ടിങ് നടന്നാലും അദ്ദേഹത്തെ സൈറ്റില്‍ ക്ഷീണിതനായി കാണാനാവില്ല എന്നതാണ് സത്യം. എപ്പോഴും ഊര്‍ജസ്വലനായിരിക്കും. ഇനി സൂര്യയെ കുറിച്ച് പറയുകയാണെങ്കില്‍, സൂര്യ അധികം സംസാരിക്കില്ല. അദ്ദേഹം എപ്പോഴും ശാന്തനാണ്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh Talks About Chiyaan Vikram