|

പറ്റുമെങ്കില്‍ ആ തമിഴ് സൂപ്പര്‍സ്റ്റാറിനെ സംവിധാനം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്: കീര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഒരുപാട് പരിചിതയായ നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയിലൂടെ ബാലതാരമായാണ് കീര്‍ത്തി തന്റെ കരിയര്‍ ആരംഭിക്കുന്നത്.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എത്തിയ ഗീതാഞ്ജലിയിലാണ് നടി ആദ്യമായി നായികയായി എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തിക്ക് സാധിച്ചു.

താന്‍ സ്‌ക്രിപ്റ്റിന്റെ രൂപത്തില്‍ അല്ലാത്ത ഒരുപാട് സ്റ്റോറി ലൈനുകള്‍ എഴുതിയിട്ടുണ്ടെന്നും എന്നെങ്കിലും അത് സിനിമയാക്കുകയാണെങ്കില്‍ നടന്‍ സൂര്യയെ ഡയറക്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്നും പറയുകയാണ് കീര്‍ത്തി സുരേഷ്.

ഗലാട്ടാ തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. അഭിമുഖത്തില്‍ നിങ്ങള്‍ക്ക് സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള നടന്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് കീര്‍ത്തി ഈ കാര്യം പറഞ്ഞത്.

‘സംവിധാനം ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള നടന്‍ സൂര്യ സാറാണ്. അദ്ദേഹത്തെ ഞാന്‍ സംവിധാനം ചെയ്യുകയോ (ചിരി). പക്ഷെ അത് ഓക്കെയാണ്.

ഞാന്‍ സത്യത്തില്‍ ഒരുപാട് സ്റ്റോറി ലൈനുകള്‍ എഴുതിയിട്ടുണ്ട്. ഒരു സിനിമക്ക് വേണ്ടിയിട്ടുള്ള സ്‌ക്രിപ്റ്റായിട്ടല്ല അതൊന്നും എഴുതിയത്. കുറച്ച് ഐഡിയകള്‍ മനസിലുണ്ട്. പറ്റുകയാണെങ്കില്‍ സൂര്യ സാറിനെ സംവിധാനം ചെയ്യാം,’ കീര്‍ത്തി സുരേഷ് പറയുന്നു.

നടന്‍ അജിത്തിനെ കുറിച്ചും കീര്‍ത്തി അഭിമുഖത്തില്‍ സംസാരിച്ചു. തമിഴിലെ മിക്ക മുന്‍നിര താരങ്ങളോടൊപ്പവും അഭിനയിച്ച കീര്‍ത്തി അജിത്തുമായി ഇതുവരെ അഭിനയിച്ചിട്ടില്ല. സഹോദരിക്ക് പകരം പെയറായി അഭിനയിക്കാന്‍ താത്പര്യമുള്ള നടന്‍ ആരാണ് എന്ന ചോദ്യത്തിന് അജിത്തിന്റെ പേരാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്.


Content Highlight: Keerthy Suresh Says She Wanted To Direct Suriya