തെരി അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന സിനിമയല്ല അത്: കീര്‍ത്തി സുരേഷ്
Entertainment
തെരി അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന സിനിമയല്ല അത്: കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 12:45 pm

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറിയ നടിയാണ് കീര്‍ത്തി സുരേഷ്. പിന്നീട് തമിഴില്‍ മികച്ച സിനിമകളുടെ ഭാഗമായ കീര്‍ത്തി സുരേഷ് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. കാലീസ് സംവിധാനം ചെയ്യുന്ന ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ് കീര്‍ത്തി.

അറ്റ്‌ലീ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോണ്‍. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ വിജയമായി മാറിയ ഒരു സിനിമയുടെ ഹിന്ദി റീമേക്കില്‍ അഭിനയിക്കാന്‍ കാരണമെന്തെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കീര്‍ത്തി സുരേഷ്. തെരി എന്ന സിനിമ അതേപടി പകര്‍ത്തിവെക്കുകയല്ല ബേബി ജോണിലെന്ന് കീര്‍ത്തി പറഞ്ഞു.

ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യത്യാസത്തിനനുസരിച്ച് സ്‌ക്രിപ്റ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. എട്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയായതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിന്നുസരിച്ചുള്ള മാറ്രം കഥയിലുണ്ടെന്നും കീര്‍ത്തി പറഞ്ഞു. ഒറിജിനലിനെ അതേപടി പകര്‍ത്തുന്ന റീമേക്കില്‍ അഭിനയിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

‘തെരി അതേപടി പകര്‍ത്തിവെക്കുന്ന സിനിമയല്ല ബേബി ജോണ്‍. തമിഴ്‌നാട്ടില്‍ നടക്കുന്ന സംഭവമെന്ന് പറഞ്ഞാണ് തെരി കാണിച്ചത്. അതേ കഥ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യത്യാസത്തിനനുസരിച്ച് സ്‌ക്രിപ്റ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതുമാത്രമല്ല, എട്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയാണ് തെരി. ഇപ്പോഴത്തെ സമയത്ത് ബേബി ജോണ്‍ ചെയ്യുമ്പോള്‍ അതിന്റെ മാറ്റങ്ങളും പരമാവധി കാണിക്കുന്നുണ്ട്.

ഒറിജിനലിനെ അതേപടി പകര്‍ത്തിവെക്കുന്ന റീമേക്കിനോട് എനിക്ക് താത്പര്യമില്ല. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ കമ്പാരിസന്‍ നല്ല രീതിയില്‍ വരും. ബേബി ജോണിലേക്ക് വരുമ്പോള്‍ പുതിയൊരു സിനിമ എന്ന രീതിക്കാണ് ഞാന്‍ സമീപിച്ചത്. സിനിമ കാണുമ്പോള്‍ ഓഡിയന്‍സിനും ആ വ്യത്യാസമെല്ലാം മനസിലാകുമെന്ന് കരുതുന്നു,’കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh saying that Baby John is not exact copy of Theri