Advertisement
Entertainment news
നീ നന്നായിട്ട് ചെയ്തിട്ടുണ്ട് പക്ഷെ പടം ഹിറ്റ് ആകുമോ'; അച്ഛന്‍ ചോദിച്ച ചോദ്യത്തെ പറ്റി കീര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 13, 09:09 am
Monday, 13th June 2022, 2:39 pm

ടൊവിനോ തോമസിനേയും കീര്‍ത്തി സുരേഷിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്

ഏറെ നാളുകള്‍ക്ക് ശേഷമാണ് കീര്‍ത്തി മലയാളത്തിലേക്ക് തിരിച്ച് വരുന്നത്. കീര്‍ത്തി തെലുങ്കില്‍ ചെയ്ത മഹാനടിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ശേഷം അച്ഛന്‍ സുരേഷ് കുമാര്‍ അന്ന് ചോദിച്ച ചോദ്യത്തെ പറ്റി പറയുകയാണ് കീര്‍ത്തി.

വാശിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഹൈദരബാദില്‍ ചിത്രം കണ്ട് ഇറങ്ങിയ ശേഷം അമ്മയോട് എങ്ങനെയുണ്ട് ചിത്രം എന്ന് ചോദിച്ചപ്പോള്‍ കുഴപ്പമില്ല, മറ്റുള്ളവരെ പോലെ നീ ചെയ്‌തോ എന്ന് അറിയില്ല എന്നാണ് പറഞ്ഞത്. ഒരു പേടിയുള്ള പോലെയായിരുന്നു. അച്ഛന്‍ ആണെങ്കില്‍ നീ നല്ല പോലെ ചെയ്തു പക്ഷെ പടം ഹിറ്റ് ആകുമോ, ഡോക്യുമെന്ററി പോലെ ആകുമോ’ എന്ന് ചോദിച്ചെന്നും കീര്‍ത്തി പറയുന്നു.

പിന്നീട് ചിത്രം റിലീസായി പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോഴാണ് അച്ഛനും അമ്മക്കും സന്തോഷമായതെന്നും കീര്‍ത്തി കൂടിച്ചേര്‍ക്കുന്നുണ്ട്. വാശിയില്‍ അഡ്വ. എബിനും, അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്.

ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് വാശി നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

Content Highlight : Keerthy suresh about the question asked by his father about mahanadhi movie