| Monday, 11th November 2024, 9:10 am

പേടികൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു; കാരണം..: കീര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി 2018ല്‍ പുറത്തിറങ്ങി തെലുങ്ക് സിനിമയാണ് മഹാനടി. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ സാവിത്രിയായി എത്തിയത് കീര്‍ത്തി സുരേഷാണ്. സാവിത്രിയായി മികച്ച പ്രകടനമാണ് കീര്‍ത്തി കാഴ്ചവെച്ചത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും മഹാനടിയിലൂടെ കീര്‍ത്തി സുരേഷ് സ്വന്തമാക്കി.

മഹാനടിയുടെ ഓഫര്‍ ആദ്യം വന്നപ്പോള്‍ താന്‍ ചെയ്യില്ലെന്ന് പറഞ്ഞെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. അത്രയും വലിയ ആര്‍ട്ടിസ്റ്റിന്റെ ബയോപിക് താന്‍ ചെയ്ത് നാശമായാലോ എന്ന ഭയം കൊണ്ടാണ് താന്‍ നോ പറഞ്ഞതെന്ന് കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. തമിഴില്‍ താന്‍ ചെയ്ത തൊടരി എന്ന ചിത്രം കണ്ടിട്ടാണ് മഹാനടിയിലേക്ക് വിളിച്ചതെന്ന് താരം പറഞ്ഞു. എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

‘മഹാനടി സിനിമയുടെ ഓഫര്‍ എനിക്ക് ആദ്യം വന്നപ്പോള്‍ ഞാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു. അതിന്റെ നിര്‍മാതാക്കള്‍ ഞെട്ടിപ്പോയി. എന്നോട് ചോദിച്ചു ‘എത്ര വലിയ സ്‌ക്രിപ്റ്റാണ് നിന്റെയടുത്തേക്ക് ഞങ്ങള്‍ കൊണ്ടുവന്നത് പക്ഷെ നീയാണെങ്കില്‍ പറ്റില്ലെന്ന് പറയുന്നു’ എന്ന്. സത്യത്തില്‍ ഞാന്‍ നോ പറഞ്ഞത് ഭയം കൊണ്ടായിരുന്നു. അത്രയും വലിയ കഥാപാത്രത്തെ എനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുമോ എന്ന ഭയം കൊണ്ടാണ്.

എനിക്കത് ചെയ്യാന്‍ പറ്റാത്തതുകൊണ്ടല്ല. അത്രയും വലിയൊരു ആര്‍ട്ടിസ്റ്റിന്റെ ബയോപിക്ക് ഞാന്‍ ചെയ്ത് എന്തെങ്കിലും നാശമാകുമോ എന്ന ഭയം കൊണ്ടാണ് അപ്പോള്‍ ഞാന്‍ ആ പ്രൊജക്ട് വേണ്ടെന്ന് പറഞ്ഞത്. അതിന് ശേഷം ആ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സംവിധായകനോട് ചോദിച്ചു എന്തുകൊണ്ടാണ് എന്നെ തെരഞ്ഞെടുത്തതെന്ന്.

അപ്പോള്‍ അവര്‍ പറഞ്ഞു, തൊടരി എന്ന തമിഴ് സിനിമയില്‍ ട്രെയിനിന്റെ മുകളില്‍ ഞാനും ധനുഷ് സാറും കൂടിയുള്ളൊരു പാട്ട് സീനുണ്ട്. അതില്‍ ക്ലോസപ്പില്‍ എന്റെ കണ്ണ് കണ്ടെന്ന്. അങ്ങനെയാണ് എന്നെ മഹാനടിയായി തീരുമാനിച്ചതെന്ന് പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ ഡീപ്പായിട്ട് പഠിച്ചിട്ട് അദ്ദേഹം എന്റെ അടുത്ത് വരണമെങ്കില്‍ അദ്ദേഹം എന്നില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടെന്ന് എനിക്ക് മനസിലായി,’ കീര്‍ത്തി സുരേഷ് പറയുന്നു.

Content Highlight: Keerthi Suresh Talks About Mahanati Movie

We use cookies to give you the best possible experience. Learn more