തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിരക്കുള്ള നായികയായി മാറാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കി.
മഹാനടി എന്ന ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തത് സംവിധായകന്‍ തൊടരി എന്ന തമിഴ് സിനിമയിലെ തന്റെ കണ്ണിന്റെ ക്ലോസപ്പ് ഷോട്ട് കണ്ടിട്ടാണെന്ന് പറയുകയാണ് കീര്‍ത്തി സുരേഷ്. മഹാനടി ആദ്യം വന്നപ്പോള്‍ താന്‍ ചെയ്യില്ലെന്ന് പറഞ്ഞെന്നും എന്നാല്‍ സംവിധായകന് തന്റെ മേലുള്ള വിശ്വാസം കണ്ടപ്പോള്‍ ചെയ്യാമെന്ന് തീരുമാനിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി.
‘മഹാനടി സിനിമയുടെ ഓഫര്‍ എനിക്ക് ആദ്യം വന്നപ്പോള്‍ ഞാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു. അതിന്റെ നിര്‍മാതാക്കള്‍ ഞെട്ടിപ്പോയി. എന്നോട് ചോദിച്ചു ‘എത്ര വലിയ സ്‌ക്രിപ്റ്റാണ് നിന്റെയടുത്തേക്ക് ഞങ്ങള്‍ കൊണ്ടുവന്നത് പക്ഷെ നീയാണെങ്കില്‍ പറ്റില്ലെന്ന് പറയുന്നു’ എന്ന്. സത്യത്തില്‍ ഞാന്‍ നോ പറഞ്ഞത് ഭയം കൊണ്ടായിരുന്നു. അത്രയും വലിയ കഥാപാത്രത്തെ എനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുമോ എന്ന ഭയം കൊണ്ടാണ്.
എനിക്കത് ചെയ്യാന്‍ പറ്റാത്തതുകൊണ്ടല്ല. അത്രയും വലിയൊരു ആര്‍ട്ടിസ്റ്റിന്റെ ബയോപിക്ക് ഞാന്‍ ചെയ്ത് എന്തെങ്കിലും നാശമാകുമോ എന്ന ഭയം കൊണ്ടാണ് അപ്പോള്‍ ഞാന്‍ ആ പ്രൊജക്ട് വേണ്ടെന്ന് പറഞ്ഞത്. അതിന് ശേഷം ആ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സംവിധായകനോട് ചോദിച്ചു എന്തുകൊണ്ടാണ് എന്നെ തെരഞ്ഞെടുത്തതെന്ന്.
അപ്പോള്‍ അവര്‍ പറഞ്ഞു, തൊടരി എന്ന തമിഴ് സിനിമയില്‍ ട്രെയിനിന്റെ മുകളില്‍ ഞാനും ധനുഷ് സാറും കൂടിയുള്ളൊരു പാട്ട് സീനുണ്ട്. അതില്‍ ക്ലോസപ്പില്‍ എന്റെ കണ്ണ് കണ്ടെന്ന്. അങ്ങനെയാണ് എന്നെ മഹാനടിയായി തീരുമാനിച്ചതെന്ന് പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ ഡീപ്പായിട്ട് പഠിച്ചിട്ട് അദ്ദേഹം എന്റെ അടുത്ത് വരണമെങ്കില്‍ അദ്ദേഹം എന്നില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടെന്ന് എനിക്ക് മനസിലായി,’ കീര്‍ത്തി സുരേഷ് പറയുന്നു.
Content Highlight: Keerthi Suresh Talk About Mahanati Movie