കെ.ജി.എഫിനും സലാറിനും ശേഷം കീര്‍ത്തി സുരേഷിനെ നായികയാക്കി ഹോംബാലെ ഫിലിംസ്; ചിത്രത്തിന്റെ ഗ്ലിംസ്
Film News
കെ.ജി.എഫിനും സലാറിനും ശേഷം കീര്‍ത്തി സുരേഷിനെ നായികയാക്കി ഹോംബാലെ ഫിലിംസ്; ചിത്രത്തിന്റെ ഗ്ലിംസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 5:10 pm

കെ.ജി.എഫ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയൊട്ടാകെ ശ്രദ്ധനേടിയ ഒരു നിര്‍മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. കീര്‍ത്തി സുരേഷിനെ നായികയാക്കി അവര്‍ ആദ്യമായി ഒരു തമിഴ് സിനിമയൊരുക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത മുമ്പേതന്നെ പുറത്തു വന്നിരുന്നു.

രഘുതാത്ത (Raghuthatha) എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോള്‍ ഹോംബാലെ ഫിലിംസ് ചിത്രത്തിന്റെ രണ്ടാമത്തെ ഗ്ലിംസ് പുറത്തുവിട്ടു. ‘നിങ്ങളെ ചിരിപ്പിക്കാനും ഹൃദയം കീഴടക്കാനും വിപ്ലവത്തിന് തുടക്കമിടാനും കയല്‍വിഴി ഒരുങ്ങിക്കഴിഞ്ഞു. രഘുതാത്തക്കായി തയ്യാറെടുക്കൂ’ എന്ന ക്യാപ്ഷനോടെയാണ് ഹോംബാലെ ഫിലിംസ് ഗ്ലിംസ് പോസ്റ്റ് ചെയ്തത്.

കീര്‍ത്തി സുരേഷിന് പുറമെ എം.എസ്. ഭാസ്‌കര്‍, ദേവദര്‍ശിനി, രവീന്ദ്ര വിജയ്, ആനന്ദ്‌സാമി, രാജേഷ് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ ഒന്നിക്കുന്നു. സിനിമയുടെ കഥയെ സംബന്ധിച്ചുള്ള വിവരങ്ങളോ ചിത്രത്തിന്റെ റിലീസ് തീയതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സുമാന്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മാസങ്ങള്‍ക്ക് മുമ്പായിരുന്നു രഘുതാത്തയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്. ‘വിപ്ലവം ആരംഭിക്കുന്നത് വീട്ടില്‍ നിന്നും’എന്ന് പറഞ്ഞു കൊണ്ടാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.

അതേസമയം, പ്രഭാസ് നായകനായ സലാര്‍ ആയിരുന്നു ഹോംബാലെ ഫിലിംസിന്റെ അവസാന ചിത്രം. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും അഭിനയിച്ചിരുന്നു.

ഡിസംബര്‍ 22നായിരുന്നു സലാര്‍ റിലീസ് ചെയ്തിരുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്.

Content Highlight: Keerthi Suresh’s Raghuthatha Movie Second Glimpse Out