|

വൻ പ്രതീക്ഷയോടെ കീർത്തി സുരേഷ് ചിത്രത്തിന്റെ ട്രെയ്‌ലര്‍; സാനി കായിദം മെയ് ആറിന് തിയേറ്ററുകളിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കീർത്തി സുരേഷ് നായിക വേഷത്തിലെത്തുന്ന സാനി കായിദം എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൊന്നി എന്ന പേരിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രമായാണ് കീർത്തി ചിത്രത്തിലെത്തുന്നത്. ആമസോൺ പ്രൈം വീഡിയോയിലാണ് സാനി കായിദം റിലീസാവുന്നത്.

പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. സാനി കായിദം മെയ് ആറിനാണ് റിലീസാവുന്നത്. പൊന്നിയുടെ കുടുംബത്തെ ഇല്ലാതാക്കിയവരോടുള്ള പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ ഇറങ്ങിയതോടെ പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് കോൺസ്റ്റബിൾ ആയാണ് കീർത്തി ചിത്രത്തിലഭിനയിക്കുന്നത്.

തലമുറകളുടെ ശാപം, പൊന്നിയോടും അവളുടെ കുടുംബത്തോടുമുള്ള അനീതി, കയ്പേറിയ ഭൂതകാലം എന്നിവയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. സംവിധായകൻ സെൽവ രാഘവനും ട്രെയിലറിൽ കീർത്തിക്കൊപ്പമെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരിയായാണ്‌ കീർത്തി ചിത്രത്തിലഭിനയിക്കുന്നത്. തീർത്തും വ്യത്യസ്തമായ മേക്ക് ഓവറിലാണ് രണ്ടുപേരും ചിത്രത്തിലെത്തുന്നത്. 1980കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം സി. എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് സ്‌ക്രീൻ സീൻ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.

സാനി കായിദത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകരിൽ വൻ പ്രതീക്ഷയാണ് നൽകുന്നത്. കീർത്തിയുടെ അഭിനയവും മികച്ചതാവുമെന്ന് ട്രെയ്‌ലർ കാണുമ്പോൾ തന്നെ ഉറപ്പിക്കാവുന്നതാണ്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിദർശൻ ചിത്രമാണ് കീർത്തി സുരേഷ് അവസാനമായി ചെയ്ത മലയാളം സിനിമ. മോഹൻലാൽ, പ്രണവ്, മാമുക്കോയ, നദിയ മൊയ്‌തു എന്നിവരായിരുന്നു ഈ സിനിമയിലെ മറ്റു താരങ്ങൾ.
കീർത്തിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം സര്‍ക്കാരു വാരി പാട്ടയാണ്. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. മഹേഷ് ബാബു ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ മെയ് 12നു തിയറ്ററുകളിലാണ് റിലീസ് ചെയ്യുക. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Content Highlight: Keerthi Suresh new movie trailer Saani Kayidham out