മരക്കാര്‍ പോലെ ചരിത്രപ്രാധാന്യമുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി കീര്‍ത്തിസുരേഷ്. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തുന്നത് പോലെയാണെന്നും അച്ഛനും സഹോദരിയും ചിത്രത്തിന്റെ ഭാഗമാണെന്നും കീര്‍ത്തി പറയുന്നു.
മരക്കാര്‍ റിലീസിനോടനുബന്ധിച്ച് ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് കീര്‍ത്തിയുടെ പ്രതികരണം വന്നത്. ഗീതാഞ്ജലിക്ക് ശേഷം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ മരക്കാറില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.
കീര്‍ത്തിക്കൊപ്പം സഹോദരി രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമ ലോകം എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുന്നത്.
‘ഗീതാഞ്ജലിക്ക് ശേഷം ലാല്‍ സാറും പ്രിയന്‍ സാറുമായും ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് മരക്കാര്‍. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തിയത് പോലെയാണ്. അറിയാവുന്ന ആള്‍ക്കാരാണ് എല്ലാം.
എന്റെ ചേച്ചി പ്രൊഡക്ഷന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. അച്ഛനും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
മോഹന്‍ലാല്‍, മുകേഷ് അങ്കിള്‍, നെടുമുടി വേണു സാര്‍, പ്രഭു സാര്‍, അര്‍ജുന്‍ സാര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിലുണ്ട്. എല്ലാവരുടെയും പേര് പറയാന്‍ സാധിക്കില്ല. ഞാനും മരക്കാറിനായി കാത്തിരിക്കുകയാണ്,’കീര്‍ത്തി പറയുന്നു.
മോഹന്‍ലാലിന് പുറമേ മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.