കഴിഞ്ഞ ദിവസം മെല്‍ബണില്‍ നടന്ന ടി-20 ലോകകപ്പില്‍ തോല്‍വിയുറപ്പിച്ചിടത്ത് നിന്നായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നായിരുന്നു ഇന്ത്യ ജയം നേടിയത്.
ഇന്ത്യന്‍ ടീമിന്റെ മുന്‍നിര ബാറ്റര്‍മാരെല്ലാം തുടരെ തുടരെ ഗ്യാലറിയിലേക്ക് കയറിയപ്പോള്‍ ഇന്ത്യയുടെ വിജയനായകനായത് മുന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. 53 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സായിരുന്നു വിരാട് നേടിയത്. അവസാന ഒമ്പത് പന്തില്‍ നിന്നും 27 റണ്‍സ് വേണമെന്നിരിക്കെ വിരാടിന്റെ വെടിക്കെട്ടായിരുന്നു മെല്‍ബണില്‍ കണ്ടത്.
ഒക്ടോബര്‍ 23ന് നടന്ന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ വലിയ റെക്കോഡുകളും കിങ് കോഹ്‌ലി തകര്‍ത്തു. ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.
ഇതിന് പിന്നാലെ, താരത്തെ പ്രശംസിച്ച് വെറ്ററന്‍ ഇതിഹാസങ്ങളടക്കം നിരവധിയാളുകളാണ് രംഗത്തെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റുവാങ്ങിയ വിരാടിന് ഈ ജയം തന്നെ തോല്‍വിയെന്ന് വിളിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു.
ഇപ്പോഴിതാ കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലി. കോഹ്‌ലിയെ പോലൊരു മികച്ച ബാറ്റ്‌സമാനെ അധികനാള്‍ തളര്‍ത്തിയിടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘വിരാട് കോഹ്ലിയുടെ നിലവാരത്തിലുള്ള ഒരാള്‍ മോശം ഫോമിന്റെ പേരില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എനിക്ക് അത് വളരെ രസകരമായി തോന്നി. കോഹ്ലിയെ ആക്രമിച്ചവര്‍ അദ്ദേഹത്തിന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും റെക്കോര്‍ഡുകളും പ്രകടനങ്ങളും പരിശോധിച്ചിരുന്നില്ല,’ ലീ പറഞ്ഞു.
‘നിങ്ങള്‍ സെഞ്ച്വറി നേടാത്ത സമയങ്ങളുണ്ട്, അര്‍ധ സെഞ്ച്വറി നേടാത്ത സമയങ്ങളുണ്ട്. അതെല്ലാം പ്രൊഫഷണല്‍ സ്പോര്‍ട്സിന്റെ ഭാഗമാണ്. എനിക്ക് അറിയാവുന്നത് വിരാട് കോഹ്ലി ഒരു ഇതിഹാസമാണ്, അയാളെ തളര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.