ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാന്‍ വീട്ടിനകത്ത് വാളുകള്‍ സൂക്ഷിക്കണം: പ്രമോദ് മുത്തലിക്
national news
ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാന്‍ വീട്ടിനകത്ത് വാളുകള്‍ സൂക്ഷിക്കണം: പ്രമോദ് മുത്തലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 7:18 pm

ബെംഗളൂരു: വീട്ടിനകത്ത് വാളുകള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്.

ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ വീടുകളിലും ആയുധങ്ങള്‍ കരുതണമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലൊരു ആയുധം വെക്കുന്നത് കുറ്റകൃത്യമല്ലെന്നും, വീട്ടില്‍ ആയുധമുണ്ടെങ്കില്‍ ആരും ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നും മുത്തലിക് പറഞ്ഞു.

മറ്റുള്ളവരെ ആക്രമിക്കാനല്ല വാളുകള്‍ സൂക്ഷിക്കേണ്ടത്. മതത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷക്ക് വേണ്ടിയാണതെന്നും ശ്രീരാമ സേന തലവന്‍ പറഞ്ഞു. കലബുറഗിയില്‍ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു മുത്തലിക്കിന്റെ പരാമര്‍ശം.

‘ഹിന്ദുക്കള്‍ മുമ്പും ആയുധങ്ങളെ പൂജിക്കുന്നതാണ്. ഇപ്പോള്‍ നമ്മള്‍ പേനയെയും പുസ്തകങ്ങളെയും വാഹനങ്ങളെയുമെല്ലാം പൂജിക്കുന്നു.

പൊലീസുകാരും അവരുടെ തോക്കുകളെയാണ് രേഖകളെയൊന്നുമല്ല പൂജിക്കുന്നത്. ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുകയും പൂജിക്കുകയും വേണം.

വീട്ടില്‍ ആയുധം വെക്കുന്നത് പൊലീസുകാര്‍ ചോദ്യം ചെയ്യാന്‍ വന്നാല്‍ കാളി, ദുര്‍ഗ, ഹനുമാന്‍, ശ്രീരാമന്‍ എന്നിവര്‍ക്കെതിരെയെല്ലാം കേസ് കൊടുക്കാന്‍ പറയണം,’ മുത്തലിക് പറഞ്ഞു.

മുത്തലിക്കിന്റെ പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Content Highlight: Keep swords at homes to protect Hindu women: Muthalik