| Monday, 10th February 2020, 2:01 pm

രാജ്യത്തെ കാമ്പസുകളെ നിരീക്ഷിക്കാന്‍ മോദിയുടേയും അമിത് ഷായുടേയും നിര്‍ദേശം; വാട്‌സ്ആപ്പും ശ്രദ്ധിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കാമ്പസുകളെ നിരീക്ഷിക്കാന്‍ ഡി.ജി.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന ഡി.ജി.പിമാരുടെ യോഗത്തിലാണ് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ റിസര്‍ച്ച് കാമ്പസില്‍വെച്ച് നടന്ന യോഗത്തിലാണ് തീരുമാനം.

രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളിലുണ്ടാവാന്‍ ഇടയുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ കാമ്പസുകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ചോര്‍ത്തണമെന്നുമാണ് നിര്‍ദേശം. യോഗത്തിലെ പ്രധാന അജണ്ടയും ഇതായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങളാണ് ഡി.ജി.പിമാര്‍ക്ക് ആക്ഷന്‍ പോയിന്റുകളായി നല്‍കിയിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി എടുക്കാന്‍ കഴിയുന്ന നടപടികള്‍ ഓരോ പൊലീസ് സ്റ്റേഷനുകളും പട്ടികപ്പെടുത്തുകയും അവ നടപ്പിലാക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം.

ഒപ്പം വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ തീരുമാനിക്കുമ്പോള്‍ സംഭവം നടക്കുന്നതിന് മുന്‍പ് തന്നെ അത് പൊലീസ് അറിയേണ്ടതുണ്ടെന്നും സംഭവം നടന്ന ശേഷമല്ല അറിയേണ്ടതെന്നും യോഗത്തില്‍ നിര്‍ദേശം ലഭിച്ചതായി ഡി.ജി.പിമാരിലൊരാള്‍ പറഞ്ഞു.

അതേസമയം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ നിരീക്ഷണം സാധാരണമായി നടക്കുന്നതാണെന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more