ലണ്ടന്‍: പേരുപോലെ കൂളാണ് എം.എസ്. ധോണിയെന്ന ക്യാപ്റ്റന്‍ കൂള്‍. വിക്കറ്റിന് പിന്നിലും മുന്നിലും ശാന്തനാണ് അദ്ദേഹം. കളിക്കാരെ പ്രചോദിപ്പിക്കാന്‍ ഇപ്പോഴെത്തെ നായകന്‍ വിരാടിനെ പോലെ ആവശേത്തോടെ പെരുമാറുകയോ എതിര്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യുകയോ ചെയ്യാറില്ല ധോണി. എന്നിട്ടും ആ മനുഷ്യന്‍ പകരുന്ന പ്രചോദനം പറഞ്ഞറിയിക്കാന്‍ കഴിയാത്തത്. നായകന്‍ വിരാടിനു പോലും ആ വാക്കുകള്‍ കേള്‍ക്കാതിരിക്കാനാകില്ല.
ധോണി കളിക്കാരെ പ്രചോദിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വാക്കുകള്‍ കൊണ്ടല്ലെന്നാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കേദാര്‍ ജാദവ് പറയുന്നത്.
“ബൗള്‍ ചെയ്യുമ്പോള്‍ ധോണിയുടെ കണ്ണില്‍ നോക്കിയാല്‍ അദ്ദേഹം നമ്മളില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസിലാവും. ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ അദ്ദേഹം എന്നെത്തന്നെ സൂക്ഷിച്ചുനോക്കുകയായിരിക്കും. അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കിയാല്‍ എനിക്ക് മനസിലാവും അദ്ദേഹം എങ്ങനെ പന്തെറിയാനാണ് ആവശ്യപ്പെടുന്നതെന്ന്”. ജാദവ് പറഞ്ഞു.
താന്‍ സ്വയം പാര്‍ട് ടൈം ബൗളറായല്ല കാണുന്നതെന്നും ജാദവ് പറഞ്ഞു. എന്റെ പൂര്‍വകാല റെക്കോര്‍ഡുകളും അതല്ല പറയുന്നത്. നല്ല രീതിയില്‍ പന്തെറിയാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. നെറ്റ്‌സിലും പന്തെറിയാറുണ്ട്. മുന്‍ പരമ്പരകളിലും ഞാന്‍ പന്തെറിയുകയും വിക്കറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മത്സരത്തിന് മുമ്പ് എന്റെ പേരില്‍ ആറ് വിക്കറ്റാണ് ഉണ്ടായിരുന്നത്. എല്ലാം മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടേതായിരുന്നു. വാലറ്റക്കാരുടേതല്ല. അതുകൊണ്ടുതന്നെ എന്റെ പന്തുകളില്‍ വലിയ ഷോട്ട് കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ജാദവ് പറഞ്ഞു.