മോദി തപസ്സിരുന്ന ഗുഹ ആത്മീയകേന്ദ്രമാകുന്നു; 'മോദി ഗുഹ'യെന്ന് അനൗദ്യോഗിക പേര്
national news
മോദി തപസ്സിരുന്ന ഗുഹ ആത്മീയകേന്ദ്രമാകുന്നു; 'മോദി ഗുഹ'യെന്ന് അനൗദ്യോഗിക പേര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2019, 11:23 pm

ഡെറാഢൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തപസ്സിരുന്ന കേദാര്‍നാഥിലെ ഗുഹ ആത്മീയകേന്ദ്രമാകാന്‍ പോകുന്നു. ഉത്തരാഖണ്ഡിലെ ടൂറിസം കൈകാര്യം ചെയ്യുന്ന ഗഡ്‌വാള്‍ മണ്ഡല്‍ വികാസ് നിഗം (ജി.എം.വി.എന്‍) എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 17 മണിക്കൂറോളം മോദി ഗുഹയില്‍ ധ്യാനത്തിലിരുന്നെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

‘ധ്യാന്‍ കുടിയ’ എന്നു പേരുള്ള ഈ ഗുഹയ്ക്ക് ഇതിനോടകം തന്നെ പലരും ‘മോദി ഗുഹ’ എന്നു പേരിട്ടുകഴിഞ്ഞു. ‘മോദി ഗുഹ’യില്‍ താമസിക്കാനുള്ള ബുക്കിങ്ങിനായി പലരും ജി.എം.വി.എന്നിനെ സമീപിച്ചിട്ടുണ്ട്. അധികം വൈകാതെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ഈ ഗുഹ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ജി.എം.വി.എന്‍ ജനറല്‍ മാനേജര്‍ ബി.എല്‍ റാണ അറിയിച്ചു.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മോദി ധ്യാനത്തിലിരുന്ന ഗുഹയുടെ ഒരു ദിവസത്തെ വാടക 990 രൂപയാണ്. എല്ലാ അത്യാധുനിക സൗകര്യവുമുള്ള ഗുഹയാണിതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും റാണ ഇക്കാര്യം നിഷേധിച്ചു. ഗുഹയില്‍ ആഢംബരവസ്തുക്കളില്ലെന്നും ഒരു കിടക്കയും ഒരു ബക്കറ്റും ഒരു കപ്പും മാത്രമാണുള്ളതെന്നും റാണ പറഞ്ഞു. ഗുഹയില്‍ വൈദ്യുതിയുണ്ടെങ്കിലും നെറ്റ്‌വര്‍ക്ക് കവറേജില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുഹയില്‍ ഒരു ചെറു ജനാലയുണ്ടെന്നും അതുവഴി നോക്കിയാല്‍ കേദാര്‍നാഥ് ക്ഷേത്രം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുഹയിലുള്ള ബെല്‍ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അതുടന്‍ ശരിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ബെല്‍ സംവിധാനത്തിലൂടെ ജി.എം.വി.എന്‍ ഓഫീസുമായി സഹായത്തിനു ബന്ധപ്പെടാം.

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മുകളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. നേരത്തെ ദിവസം 3000 രൂപയെന്ന നിലയിലായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം താരിഫ് 990 ആയി കുറച്ചത്. ഗുഹ വളരെ ഉള്‍പ്രദേശത്ത് ആയതിനാല്‍ ഇപ്പോള്‍ ഒരുസമയം ഒരാളെ മാത്രമാണു ധ്യാനത്തിനുവേണ്ടി അനുവദിക്കുന്നത്.

ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണു നേരത്തേ പുറത്തുവന്നത്. ക്യാമറാപേഴ്സണൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നുണ്ട്. സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.