ഇവിടെയല്ല, പോയി മഹാരാഷ്ട്രയില്‍ പെയ്യൂ...; മഴയോട് കൈകൂപ്പി ജാദവ്: സാക്ഷികളായി ധവാനും ജഡേജയും
ICC WORLD CUP 2019
ഇവിടെയല്ല, പോയി മഹാരാഷ്ട്രയില്‍ പെയ്യൂ...; മഴയോട് കൈകൂപ്പി ജാദവ്: സാക്ഷികളായി ധവാനും ജഡേജയും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th June 2019, 9:07 pm

നോട്ടിങ്ങാം: തുടര്‍ച്ചയായി മഴ മൂലം ലോകകപ്പ് മത്സരം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മഴയോട് അപേക്ഷയുമായി ഇന്ത്യന്‍ താരം കേദാര്‍ ജാദവ്. ഇവിടെ പെയ്യുന്നത് നിര്‍ത്തിയിട്ട് മഹാരാഷ്ട്രയില്‍ പോയി പെയ്യാനാണ് താരത്തിന്റെ അപേക്ഷ. സ്റ്റേഡിയത്തില്‍ നിന്ന് മഴയെ നോക്കി കൈകൂപ്പി അപേക്ഷിക്കുന്ന ജാദവിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇപ്പോള്‍ കടുത്ത വരള്‍ച്ച നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ അപേക്ഷ.

ഡ്രസ്സിങ് റൂമിന്റെ ബാല്‍ക്കണിയില്‍ നിന്നും എടുത്ത വീഡിയോയില്‍ രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം മഴ മാറാനായി ഡ്രസ്സിങ് റൂമില്‍ കാത്തിരിക്കുന്നതും കാണാം.

വൈകീട്ട് ഏഴരയോടെ ഗ്രൗണ്ട് പരിശോധിച്ച ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം നല്‍കിയിട്ടുണ്ട്.

മഴ മൂലം ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്. നേരത്തെ, പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു.

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മല്‍സരമാണ് മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ ലോകകപ്പില്‍ ശ്രീലങ്കയുമായുള്ള മത്സരമാണ് ഉപേക്ഷിക്കേണ്ടി വന്നിരുന്നത്. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ടീമുകളാണ് ഇന്ത്യയും കിവീസും.