മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്നും മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് പുറത്ത്. ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടര്‍ന്നാണ് ജാദവ് പുറത്തായത്. നേരത്തെ തന്നെ പരുക്കിന്റെ പിടിയിലായിരുന്ന കേദാര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തീവ്ര പരിശീലനത്തിലായിരുന്നു.
കേദാറിന് പകരം തമിഴ്‌നാട്ടില്‍ നിന്നുമുള്ള വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലെടുത്തിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സുന്ദറിന് നറുക്ക് വീഴാന്‍ കാരണം.
കഴിഞ്ഞ ഐ.പി.എല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സുന്ദര്‍ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുന്നത്. ദുലീപ് ട്രോഫിയില്‍ ബൗളുകൊണ്ടെന്ന പോലെ ബാറ്റു കൊണ്ടും തിളങ്ങിയിരുന്നു സുന്ദര്‍.
നാളെയാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം. നായകന്‍ വിരാടിന് വിശ്രമം അനുവദിച്ചതിനാല്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയായിരിക്കും ടീമിനെ നയിക്കുക. വിരാടിന് പകരം ശ്രേയസ് അയ്യരെ ടീമിലെടുത്തിട്ടുണ്ട്.
രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡ്യ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുഷ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, എന്നിവരാണ് ടീമംഗങ്ങള്‍.