ശനിയാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജയം. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തകർപ്പൻ പോരാട്ടമായിരുന്നു മഞ്ഞപ്പട നടത്തിയത്.
ഗ്രീക്ക് താരം ദിമിത്രിയോസ് ദയമാന്റകോസിന്റെ ഒരു ഗോളും, മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിന്റെ ഇരട്ട ഗോളുകളുമാണ് ബ്ലാസ്റ്റേഴ്സിന് കിടിലൻ ജയം സമ്മാനിച്ചത്.
ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പും ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കും പരിശീലകൻ ഇവാൻ വുകോമനൊവിച്ചിനും വലിയ പ്രതീക്ഷയായിരുന്നു സഹലിന്റെ മേലുണ്ടായിരുന്നത്.
എന്നാൽ പ്രതീക്ഷക്കൊത്ത മുന്നേറ്റം നടത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയായിരുന്നു.
തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് ശേഷം കോച്ച് ഇവാൻ വലിയ അഴിച്ചു പണികളാണ് ടീമിൽ നടത്തിയത്. അതോടെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്ന സഹൽ ബെഞ്ചിലിരിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സഹൽ മികച്ച തിരിച്ചുവരവണ് നടത്തിയത്. 65ാം മിനിട്ടിലാണ് കോച്ച് സഹലിനെ കളത്തിലിറക്കിയത്. കളത്തിലറങ്ങിയ സഹൽ രണ്ട് ഗോളുകൾ നേടി തന്റെ മികവ് പുറത്തെടുക്കുകയായിരുന്നു.
സഹലെത്തി കൃത്യം 20ാം മിനിട്ടിലാണ് മഞ്ഞപ്പടയുടെ രണ്ടാമത്തെ ഗോൾ പിറന്നത്. ഇഞ്ച്വറി ടൈമിൽ താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വല വീണ്ടും കുലുക്കി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെ തുടർതോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെയെത്തിയത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ് സഹൽ അബ്ദുൽ സമദ്.
ഇന്നലെ നടന്ന മത്സരത്തോടെ സന്ദേശ് ജിങ്കന്റെ റെക്കോഡ് തകർക്കാനും സഹലിനായി. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായി മാറിയിരിക്കുകയാണ് സഹലിപ്പോൾ. സന്ദേശ് ജിങ്കന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.
അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. നവംബർ 13നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.
Content Highlights: Kearala Blasters super star Sahal Abdul Samad breaks Sandesh Jingan’s record