| Saturday, 17th February 2024, 1:32 pm

ഫിയോക്കിന് കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ 'ചെക്ക്' ; മഞ്ഞുമ്മല്‍ ബോയ്‌സടക്കം എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫിയോക്കിന്റെ പരിധിയിൽ വരാത്ത തിയേറ്ററുകളിൽ ഫെബ്രുവരി 22 മുതൽ സിനിമ പ്രദർശിപ്പിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഫെബ്രുവരി 22ന് തന്നെയും തുടർ ചിത്രങ്ങൾ തീരുമാനിച്ച തീയതികളിൽ തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പത്രക്കുറുപ്പിൽ അറിയിച്ചിട്ടുള്ളത്.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നൽകിയ പത്രകുറിപ്പിന്റെ പൂർണരൂപം: ‘കേരളത്തിലെ ഒരു തിയേറ്റർ സംഘടന 2024 ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന് തീരുമാനിച്ചതായി മാധ്യമങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞു. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22ന് തന്നെയും തുടർ ചിത്രങ്ങൾ തീരുമാനിച്ച തീയതികളിൽ പ്രദർശനത്തിന് എത്തുമെന്നും അറിയിക്കുന്നു.

ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലർത്തുന്ന കേരളത്തിലെ തിയേറ്ററുകൾ ഈ ചിത്രം പ്രദർശിക്കുമെന്ന് കരാറിൽ ഏർപ്പെട്ടു കൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തിയേറ്ററുകളും ആയി തുടർന്നും ഞങ്ങൾ സഹകരിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ ചിത്രം പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടർ സഹകരണം വേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനം

തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്നായിരുന്നു ഫിയോക് (FEUOK) കഴിഞ്ഞ ദിവസം അറിയിച്ചിട്ടുള്ളത്. ഒ.ടി.ടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമാതാക്കൾ പരിഹാരം കാണണം എന്നയിരുന്നു ഫിയോകിന്റെ ആവശ്യം. 40 ദിവസത്തിന്‌ ശേഷം മാത്രമേ OTT റീലീസ് അനുവദിക്കാവൂ എന്ന കരാർ ലംഘിക്കുന്നു എന്നും, ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഫിയോക് മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight: Keala film producers association against feuok

We use cookies to give you the best possible experience. Learn more