| Saturday, 24th June 2023, 8:37 am

പരുന്തിന് പോലും ഇങ്ങനെയൊന്ന് റാഞ്ചിയെടുക്കാന്‍ പറ്റില്ല 🔥🔥; ക്യാച്ചെന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ് ക്യാച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

വിന്‍ഡീസ് സ്റ്റാര്‍ പേസര്‍ കീസി കാര്‍ട്ടിയുടെ ബൗണ്ടറി ലൈന്‍ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫറിലെ വെസ്റ്റ് ഇന്‍ഡീസ് – നേപ്പാള്‍ മത്സരത്തിലാണ് കാര്‍ട്ടി ഈ തകര്‍പ്പന്‍ ക്യാച്ചെടുത്തത്. മത്സരത്തിന്റെ ആവേശം കെട്ടടങ്ങിയിട്ടും കാര്‍ട്ടിയുടെ ക്യാച്ച് ഇപ്പോഴും സജീവ ചര്‍ച്ചയായി തുടരുകയാണ്.

നേപ്പാള്‍ ഇന്നിങ്‌സിലെ 23ാം ഓവറിലെ ആദ്യ പന്തില്‍ തന്നെയാണ് ഹരാരെയെ ഞെട്ടിച്ച ആ ക്യാച്ച് പിറന്നത്. അകീല്‍ ഹൊസൈന്‍ എറിഞ്ഞ പന്ത് നേപ്പാള്‍ താരം കുശാല്‍ മല്ല ഉയര്‍ത്തിയടിച്ചു. സിക്‌സറെന്ന് കണക്കാക്കി മല്ലയും നേപ്പാളും ആശ്വസിച്ചെങ്കിലും കീസി കാര്‍ട്ടി പറന്നെത്തുകയായിരുന്നു.

ബൗണ്ടറി ലൈനില് സമീപത്ത് നിന്നും മികച്ച രീതിയില്‍ ആ ക്യാച്ചെടുത്താണ് കീസി കാര്‍ട്ടി കയ്യടി നേടുന്നത്. ക്യാച്ചിനിടെ താരത്തിന്റെ ബാലന്‍സ് നഷ്ടമായി ബൗണ്ടറി ലൈനിനുള്ളിലേക്ക് പോയെങ്കിലും തന്റെ പ്രെസന്‍സ് ഓഫ് മൈന്‍ഡിലൂടെ താരം ആ ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയായിരുന്നു.

ആറ് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയാണ് കുശാല്‍ മല്ല സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ കാര്‍ട്ടിക്ക് ക്യാച്ച് നല്‍കി മടങ്ങിയത്.

ഈ ക്യാച്ചിന്റെ വീഡിയോ ഐ.സി.സി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘കെയ്‌സി കാര്‍ട്ടി, യൂ ബ്യൂട്ടി’ എന്ന് ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് ഐ.സി.സി ഇന്‍സ്റ്റഗ്രാമില്‍ ക്യാച്ചിന്റെ വീഡിയോ പങ്കുവെച്ചത്.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 101 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും സൂപ്പര്‍ താരം നിക്കോളാസ് പൂരന്റെയും സെഞ്ച്വറിയുടെ കരുത്തില്‍ 339 റണ്‍സ് നേടിയിരുന്നു. ഹോപ് 132 റണ്‍സ് നേടിയപ്പോള്‍ പൂരന്‍ 115 റണ്‍സും നേടി പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ഇന്നിങ്‌സ് 238 റണ്‍സില്‍ അവസാനിച്ചതോടെ വിന്‍ഡീസ് പടുകൂറ്റന്‍ വിജയം സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്താനും വെസ്റ്റ് ഇന്‍ഡീസിനായി. കളിച്ച രണ്ട് മത്സരവും വിജയിച്ച് നാല് പോയിന്റോടെയാണ് വിന്‍ഡീസ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്.

ശനിയാഴ്ചയാണ് വിന്‍ഡീസിന്റെ അടുത്ത മത്സരം. ഹരാരെയില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളികള്‍.

Content Highlight: Keacy Carty’s incredible catch during West Indies vs Nepal match

We use cookies to give you the best possible experience. Learn more