| Sunday, 6th October 2024, 3:16 pm

കൊറിയന്‍ ഡ്രാമ ആരാധകരുടെ ഏറ്റവും പ്രിയ ഗാനം; യൂട്യൂബില്‍ മില്യണ്‍ റെക്കോഡിട്ട് ഗോബ്ലിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊറിയന്‍ ഡ്രാമകള്‍ പോലെ തന്നെ അതിലെ ഒ.എസ്.ടികള്‍ക്കും (ഒറിജിനല്‍ സൗണ്ട്ട്രാക്കുകള്‍) ആരാധകര്‍ ഏറെയാണ്. അത്തരത്തില്‍ കൊറിയന്‍ ഡ്രാമകള്‍ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം ആളുകള്‍ക്കും പ്രിയപ്പെട്ട ഒരു ഗാനമാണ് ഗോബ്ലിനിലെ ‘സ്‌റ്റേ വിത്ത് മീ’. പല കൊറിയന്‍ ഡ്രാമ ആരാധകരുടെയും റിങ് ടോണ്‍ പോലും ഈ ഗാനമാണ്.

മിക്കവര്‍ക്കും ഇഷ്ടമുള്ള ഒ.എസ്.ടികളുടെ ലിസ്റ്റില്‍ ഈ ഗാനത്തിന് ഒന്നാമതോ രണ്ടാമതോ ആയി സ്ഥാനമുണ്ടാകും. അര്‍ത്ഥം മനസിലായില്ലെങ്കില്‍ പോലും റിപ്പീറ്റ് അടിച്ച് കേള്‍ക്കാന്‍ സാധിക്കുന്ന ഗാനമാണ് ‘സ്‌റ്റേ വിത്ത് മീ’. കെ-പോപ്പ് ഗ്രൂപ്പായ എക്‌സോയിലെ ഏറെ ആരാധകരുള്ള റാപ്പര്‍ പാര്‍ക്ക് ചാന്‍-യോളും (ചാനിയോള്‍) ഗായിക പഞ്ചും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

2016ല്‍ പുറത്തിറങ്ങിയ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ ഒരു റോക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. യൂട്യൂബില്‍ 500 മില്യണ്‍ വ്യൂസ് നേടുന്ന ആദ്യ കെ-ഡ്രാമ മ്യൂസിക് വീഡിയോയായി മാറിയിരിക്കുകയാണ് ‘സ്‌റ്റേ വിത്ത് മീ’. 2016 ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്ത ഗാനം ഏഴ് വര്‍ഷവും 10 മാസവും മൂന്ന് ദിവസവും എടുത്താണ് ഈ റെക്കോഡ് നേടിയത്.

ഗോബ്ലിന്‍;

2016ലെ ഹിറ്റ് സൗത്ത് കൊറിയന്‍ ടെലിവിഷന്‍ ഡ്രാമയാണ് ഗാര്‍ഡിയന്‍ : ദി ലോണ്‍ലി ആന്‍ഡ് ഗ്രേറ്റ് ഗോഡ് അഥവാ ഗോബ്ലിന്‍. ഗോങ് യൂ (ഗോങ് ജി-ചിയോള്‍) നായകനായി എത്തിയപ്പോള്‍ കിം ഗോ-യൂണ്‍, ലീ യോവോക്ക്, യൂ ഇന്‍-നാ എന്നിവരും ഈ ഡ്രാമയുടെ ഭാഗമായി.

കൊറിയന്‍ കേബിള്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങുള്ള ഡ്രാമയായിരുന്നു ഗോബ്ലിന്‍. ലോകവ്യാപകമായി ശ്രദ്ധനേടിയ ഈ ഡ്രാമയിലൂടെ 53ാമത് ബെയ്ക്സാങ് ആര്‍ട്സ് അവാര്‍ഡില്‍ എഴുത്തുകാരി കിം യൂന്‍-സൂക്ക് ഗ്രാന്‍ഡ് പ്രൈസ് അവാര്‍ഡും നടന്‍ ഗോങ് യൂ മികച്ച നടനുള്ള അവാര്‍ഡും നേടിയിരുന്നു.

Content Highlight: Kdrama Goblin’s OST Stay With Me Hit 500 Million In YouTube

We use cookies to give you the best possible experience. Learn more