കേരളത്തില്‍ മതവര്‍ഗീയതയുടെ വിത്തുകള്‍ പാകുകയാണ് ചിലര്‍, സര്‍ക്കാരും മതനേതാക്കളും ഇടപെട്ടില്ലെങ്കില്‍ വലിയ അപകടമുണ്ടാകും; കെ.സി.വൈ.എം. സെക്രട്ടറി സംസാരിക്കുന്നു
Interview
കേരളത്തില്‍ മതവര്‍ഗീയതയുടെ വിത്തുകള്‍ പാകുകയാണ് ചിലര്‍, സര്‍ക്കാരും മതനേതാക്കളും ഇടപെട്ടില്ലെങ്കില്‍ വലിയ അപകടമുണ്ടാകും; കെ.സി.വൈ.എം. സെക്രട്ടറി സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്
Sunday, 13th June 2021, 4:03 pm

ക്രിസ്തീയ യുവത്വമേ ഇതിലേ എന്ന പേരില്‍ ക്ലബ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയും, ഇതില്‍ മുസ്ലിം സമുദായത്തിനെതിരെ ഉയര്‍ന്ന വിദ്വേഷ പ്രചാരണവും വ്യാജ വാര്‍ത്തകളും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എമ്മിന്റെ പേരില്‍ നടന്ന ഈ ചര്‍ച്ചയ്ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം. ഔദ്യോഗികമായി രംഗത്തെത്തി.

ചര്‍ച്ച നടത്തിയ ക്ലബ് ഹൗസ് അക്കൗണ്ട് തെരഞ്ഞെടുത്ത മൂന്നു വിഷയങ്ങളും ഒരു മതവിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും ഇത്തരത്തിലുള്ളവര്‍ ഇങ്ങനെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നു എന്നത് സര്‍പ്പത്തിന്റെ വിവേകത്തോടെ മനസിലാക്കേണ്ട കാര്യമാണെന്നും കെ.സി.വൈ.എം. പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെ.സി.വൈ.എമ്മിന്റെ നിലപാടുകളെ കുറിച്ച് വിശദീകരിക്കുകയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യു. ഒരു മതവിഭാഗത്തെയും താഴ്ത്തികെട്ടുന്ന രീതിയില്‍ കെ.സി.വൈ.എം. ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇനി പ്രവര്‍ത്തിക്കുകയില്ലെന്നും ഷിജോ മാത്യു പറയുന്നു. കേരളത്തില്‍ മതവിദ്വേഷത്തിന്റെ വിത്തു വിതയ്ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി നടക്കുന്നുണ്ടെന്നും ഇപ്പോള്‍ അത് മറനീക്കി പുറത്തുവരികയാണെന്നും ഷിജോ മാത്യു പറയുന്നു.

ഷിജോ മാത്യു

‘ക്രിസ്തീയേ യുവത്വമേ ഇതിലേ’ എന്ന പേരില്‍ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയോടും അതില്‍ ഉന്നയിച്ച ആശയങ്ങളോടുമുള്ള കെ.സി.വൈ.എമ്മിന്റെ പ്രതികരണം ?

കെ.സി.വൈ.എം. എന്ന പ്രസ്ഥാനത്തിന്റെ പേരില്‍ അവര്‍ ചര്‍ച്ചകള്‍ നടത്തിയത് തന്നെ നിയമലംഘനമാണ്. കെ.സി.വൈ.എമ്മിന്റെ യഥാര്‍ത്ഥ നിലപാടുകളില്‍ നിന്നും വിരുദ്ധമായി ആ സംഘടനയുടെ പേര് ഉപയോഗിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ നടത്തിയത് പ്രതിഷേധാര്‍ഹമാണ്.

കെ.സി.വൈ.എമ്മിന്റെ പേരില്‍ ചര്‍ച്ച നടത്തി കെ.സി.വൈ.എം. എന്ത് ചെയ്തില്ലായെന്ന് സമര്‍ത്ഥിക്കാന്‍ കൂടിയാണ് അവര്‍ ശ്രമിച്ചത്. ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി കെ.സി.വൈ.എം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ നിവേദനങ്ങളും പ്രതിഷേധങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്.

പക്ഷെ, കെ.സി.വൈ.എം. ഒരിക്കലും ഒരു മതത്തെയോ മതവിഭാഗങ്ങളെയോ എതിര്‍ക്കുന്നില്ല. അത് കെ.സി.വൈ.എമ്മിന്റെയോ ക്രിസ്ത്യാനിയുടെയോ ശൈലിയല്ല, ക്രിസ്തുധര്‍മവുമല്ല. എല്ലാവരും സഹോദരരാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ആ ആശയത്തിലൂന്നിയാണ് കെ.സി.വൈ.എം. പ്രവര്‍ത്തിക്കുന്നത്. യുവജനങ്ങളുടെ വളര്‍ച്ചയും സമൂഹത്തിന്റെ സമഗ്ര വിമോചനമാണ് കെ.സി.വൈ.എമ്മിന്റെ ലക്ഷ്യം. 43 വര്‍ഷമായി ആ ലക്ഷ്യത്തിനായാണ് കെ.സി.വൈ.എം. പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ വിവാദമായ ക്ലബ് ഹൗസിലെ ചര്‍ച്ചകള്‍ വിഭാഗീയതയുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കെ.സി.വൈ.എം. എന്ന ലേബല്‍ അവര്‍ ഉപയോഗിച്ചതോടെ കെ.സി.വൈ.എം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ അത് ഇടയാക്കി. ആ ചര്‍ച്ചകളുമായി കെ.സി.വൈ.എമ്മിന് ഒരു ബന്ധവുമില്ലെന്ന് ഒരിക്കല്‍ കൂടി പറയുകയാണ്. അതിന് നേതൃത്വം കൊടുത്തവരാരും കെ.സി.വൈ.എമ്മിന്റെ പ്രവര്‍ത്തകരല്ല.

ഈ ചര്‍ച്ചകള്‍ക്കെതിരെ ഔദ്യോഗിക പ്രസ്താവനയിറക്കുന്നതിനു മുന്‍പ്, നമ്മള്‍ ആലോചിച്ച പ്രധാന വിഷയം, ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ക്കായി നടന്ന ക്ലബ് ഹൗസ് യോഗങ്ങളില്‍ ക്രൈസ്തവരുടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയായോ എന്നാണ്. ആ ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ അവര്‍ ഉന്നയിച്ച ചില വിഷയങ്ങളുണ്ട്. ആ വിഷയങ്ങള്‍ മാത്രമേ ക്രൈസ്തവരുടെ പ്രശ്‌നങ്ങളായുള്ളു എന്നാണ് അവര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ, ഞങ്ങള്‍ മുന്നോട്ടുവെച്ചത് ഇത് മാത്രമല്ല ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികളെന്നായിരുന്നു.

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇവരാരും ശബ്ദിച്ചില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലേ, നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഒരിക്കല്‍ പോലും ഈ വിഷയങ്ങള്‍ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണ്. എന്നാല്‍ കെ.സി.വൈ.എം. ഇവര്‍ ഉന്നയിച്ച വിഷയങ്ങളിലും ഇവര്‍ ചര്‍ച്ച ചെയ്യാതിരുന്ന വിഷയങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി ക്രൈസ്തവ സമൂഹത്തിന്റെ പോരാട്ടം ഒരിക്കലും ഒരു മതത്തിന് എതിരായിരുന്നില്ല. പക്ഷെ ആ നീക്കത്തിന് തുരങ്കം വെക്കാനായി ചിലരെത്തുന്നുണ്ട്. ആരുടെ അജണ്ടയാണ് അതിന് പിന്നിലെന്ന് പരസ്യമായി പറയാന്‍ സാധിക്കുകയില്ല. പക്ഷെ മതങ്ങള്‍ തമ്മിലുള്ള ഭയപ്പെടുത്തുന്ന സംഘര്‍ഷമാണ് ഈ വ്യാജപ്രചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

കാസയെ പോലുള്ള പുതിയ ഗ്രൂപ്പുകളാണ് ക്ലബ് ഹൗസ് ചര്‍ച്ചക്കും സമാന വിദ്വേഷ പ്രചരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും ഇവക്ക് പിന്നില്‍ സംഘപരിവാറാണെന്നും ആരോപണമുണ്ടല്ലോ?

പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ആരാണെന്ന് ആര്‍ക്കും വ്യക്തമല്ല. കെ.സി.വൈ.എമ്മിനെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങളെല്ലാം വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ്. ആരും അവരുടെ ഐഡിന്റിറ്റി വെളിപ്പടുത്തി പ്രസ്ഥാനത്തിനെതിരെ പ്രസ്താവനകള്‍ നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല.

പക്ഷെ വ്യാജ പ്രൊഫൈലുകളിലൂടെ അതിതീവ്രമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ആളുകളാണ്, അല്ലെങ്കില്‍ ഈ ഗ്രൂപ്പുകളാണ് വ്യാജ പ്രചരണം നടത്തുന്നതെന്ന് കെ.സി.വൈ.എമ്മിന് പറയാനാകില്ല. മറിച്ച് ചെയ്താല്‍ കെ.സി.വൈ.എമ്മും ഈ വ്യാജ പ്രൊഫൈല്‍ കൂട്ടവും തമ്മില്‍ എന്താണ് വ്യത്യാസം.

കത്തോലിക്ക സഭയുടെ ഔദ്യോഗിക അംഗീകാരം കിട്ടിയ ഒരു സംഘടനയും മറ്റ് മതങ്ങളെയോ പ്രസ്ഥാനങ്ങളെയോ താഴ്ത്തിക്കെട്ടുന്ന നിലപാടുകള്‍ സ്വീകരിക്കുകയോ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. പക്ഷെ, കുറെ കടലാസ് സംഘടനകള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ അതിന് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവര്‍ ആരാണെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. കാരണം ഇക്കൂട്ടര്‍ക്ക് അതെല്ലാം നിഷേധിക്കാം.

പക്ഷെ ഒരു കാര്യം വ്യക്തമാണ്, കേരളത്തില്‍ മതവര്‍ഗീയതയും വിദ്വേഷവും വളര്‍ത്തിയെടുക്കാനുള്ള വിത്തുകള്‍ പാകിയിട്ടുണ്ട്. അത് വരും കാലങ്ങളില്‍ വലിയ അപകടത്തിലേക്ക് നയിക്കും. രാഷ്ട്രീയക്കാരും ഭരണാധികാരികളും മതനേതാക്കളും ഈ വിഷയത്തെ ഗൗരവമായി കണ്ടു നീങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടക്കുന്നതാണ്. മതവിദ്വേഷം പടര്‍ത്താനുള്ള അജണ്ടയുമായി എത്തിയവര്‍ ക്ലബ് ഹൗസിനെ കൂടി ഉപയോഗിച്ചു. അവര്‍ക്ക് തങ്ങളുടെ പ്രചാരണം അതിവേഗം നടത്താനും സാധിച്ചു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കൊക്കെ എഴുതാനേ സാധിക്കുമായിരുന്നുള്ളു. ഇപ്പോള്‍ ക്ലബ് ഹൗസില്‍ വ്യാജ പ്രൊഫൈലുകള്‍ വന്ന് സംസാരിക്കാനും തുടങ്ങി. അപ്പോഴാണ് ഈ വിദ്വേഷ പ്രചരണങ്ങളുടെ തീവ്രത ജനങ്ങള്‍ക്ക് മനസ്സിലായത്.

ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ കൃത്യമായ ഐഡിന്റിറ്റിയുള്ള ഫാ. നോബിള്‍ തോമസ് പാറക്കലിനെ പോലെയുള്ള പുരോഹിതന്മാരുമുണ്ടായിരുന്നു?

നോബിള്‍ അച്ചന്‍ ഇതുവരെയും കെ.സി.വൈ.എമ്മിനെ തള്ളിപ്പറഞ്ഞിട്ടില്ല. ചര്‍ച്ചയില്‍ ആര്‍ക്കും പങ്കെടുക്കാം. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കെ.സി.വൈ.എം. സ്വീകരിക്കണമെന്നില്ല. അദ്ദേഹം പറയുന്നതിനനുസരിച്ചല്ല കെ.സി.വൈ.എം. പ്രവര്‍ത്തിക്കുന്നത്. പക്ഷെ ഈ പുരോഹിതന്‍ കെ.സി.വൈ.എമ്മിന് വേണ്ടി സംസാരിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളുമായി അദ്ദേഹം സഹകരിക്കാറുമുണ്ട്.

ഫാ. നോബിള്‍ തോമസ് പാറക്കല്‍

അദ്ദേഹം ആ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നില്ല. കേള്‍വിക്കാരനായി നിന്ന് പിന്നീട് സ്പീക്കറായതാണ്. അതേസമയം തന്നെ ചര്‍ച്ചയില്‍ സ്പീക്കറാകാന്‍ അവസരം കിട്ടിയ പല വൈദികരും ഈ ചര്‍ച്ച കെ.സി.വൈ.എമ്മിന്റെ പേരില്‍ നടത്താന്‍ ആരാണ് അതിന്റെ സംഘാടകര്‍ക്ക് അനുവാദം നല്‍കിയതെന്ന് ചോദ്യം ചെയ്തിരുന്നു. നോബിളച്ചന്റെ കാര്യം അറിയില്ല.

ഒരു ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ കടമ എന്നുപറയുന്നത് ലോകം മുഴുവന്‍ ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കലാണ്. പാവപ്പെട്ടവനും നീതി നിഷേധിക്കപ്പെട്ടവനും വേണ്ടിയാണ് ക്രിസ്തു പ്രവര്‍ത്തിച്ചത്.

മദര്‍ തെരേസയെ പോലുള്ളവര്‍ ജാതിയും മതവും വര്‍ണ്ണവും വര്‍ഗവുമൊന്നും നോക്കിയല്ല കൊല്‍ക്കത്തയിലെ തെരുവുകളില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ ജാതിയ്ക്കും മതത്തിനും വര്‍ഗത്തിനും അതീതമായി അവര്‍ക്ക് സ്വീകാര്യത ലഭിച്ചിരുന്നു. മദര്‍ തെരേസ കെ.സി.വൈ.എമ്മിനെ ധാര്‍മിക യുവജന പ്രസ്ഥാനമെന്നാണ് വിളിച്ചത്. ആ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന തന്നെയാണിത്.

ലവ് ജിഹാദിനോടുള്ള കെ.സി.വൈ.എമ്മിന്റെ നിലപാട് എന്താണ് ?

എല്ലാവരും ഈ വിഷയത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കെ.സി.വൈ.എമ്മും പഠിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍, ലവ് ജിഹാദ് ആരോപണങ്ങളുയര്‍ന്ന സമയത്ത് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബോധവത്കരണം നടത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്, അതുകൊണ്ട് ജാഗ്രത പാലിക്കണം എന്ന് പറഞ്ഞിരുന്നു. അത് സ്വാഭാവികമായി ഉണ്ടാകുന്ന നടപടികളാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ കെ.സി.വൈ.എം. അന്വേഷണവും പഠനവും നടത്തുകയാണ്.

കെ.സി.വൈ.എമ്മിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടുകളെ കുറിച്ചു കൂടി ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഈ വാദമുന്നയിക്കുന്നതിന്റെ പശ്ചാത്തലമെന്താണ് ?

അധികാരപദവികളിലിരിക്കുന്നവര്‍ എല്ലാ മനുഷ്യരോടും തുല്യരായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇന്ത്യയെന്നു പറയുന്ന രാജ്യത്തിന്റെ അടിസ്ഥാന ആശയമായ മതേതരത്വം സംരക്ഷിക്കാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

ഏതൊരു മനുഷ്യനും അവന്റെ മതത്തിനും വിശ്വാസത്തിനും അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ആ സ്വാതന്ത്ര്യവും തുല്യനീതിയും നിഷേധിക്കുന്നിടത്ത് കെ.സി.വൈ.എം. പ്രതികരിക്കും.

ഫാ. സ്റ്റാന്‍ സ്വാമിയുടെ കാര്യമെടുക്കാം, അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. അദ്ദേഹത്തിന്റെ ജയില്‍മോചനത്തിനായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

തുടര്‍നടപടികളൊന്നും കൂടാതെ ജയിലില്‍ അടച്ചിരിക്കുകയാണ്. സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പൊതുസമൂഹത്തിന് വേണ്ടി കെ.സി.വൈ.എം. പ്രതികരിക്കും. അതാണ് കെ.സി.വൈ.എമ്മിന്റെ ശൈലി.

സര്‍ക്കാര്‍ എവിടെയൊക്കയോ വീഴ്ച വരുത്തിയിട്ടുണ്ട്. അത് കേരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ രാഷ്ട്രീയ പ്രവര്‍ത്തകനോ ആരായിരുന്നാലും കെ.സി.വൈ.എം. പ്രതികരിക്കും. അതില്‍ കെ.സി.വൈ.എമ്മിന് ഏതെങ്കിലും രാഷ്ട്രീയ നിലപാടുകളോടോ പാര്‍ട്ടികളോടോ ചായ്വില്ല.

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെ.സി.വൈ.എമ്മിനെതിരെ വധഭീഷണിയും സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. അത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടുന്നത് ?

ലക്ഷദ്വീപിലെ ജനതയുടെ വേദനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങള്‍ക്കെതിരെ വധഭീഷണിയും സൈബര്‍ ആക്രമണവുമുണ്ടായത്. ഒരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ കെ.സി.വൈ.എം. അവിടെ ജാതിയും മതവും നോക്കാറില്ല.

ലക്ഷദ്വീപ് വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം. ഒരു പോസ്റ്ററിട്ടു. ലക്ഷദ്വീപിലെ ഭൂരിപക്ഷ വിഭാഗം ഏതാണെന്ന് നോക്കിയല്ല കെ.സി.വൈ.എം. പ്രവര്‍ത്തിച്ചത്. മനുഷ്യരുടെ വേദനയോട് പങ്കുച്ചേരുകയായിരുന്നു.

ലക്ഷദ്വീപ് വിഷയത്തില്‍ അവിടുത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം എന്നാണ് കെ.സി.വൈ.എം. നിലപാടെടുത്തത്. അവിടെ ഭീകരവാദവും തീവ്രവാദവും നടക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. അങ്ങനെ ഒരു ആരോപണമുണ്ടെങ്കില്‍ ആ കുറ്റകൃത്യം തെളിയിക്കപ്പെടണം. അതിന് സര്‍ക്കാരിനൊപ്പമുണ്ടാകും.

പക്ഷെ, അവിടുത്തെ സാധാരണ ജനത വേദനയനുഭവിച്ചിട്ടുണ്ട്. അത് പൊതുസമൂഹം ഏറ്റെടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണ്. ആ വേദനയില്‍ ലക്ഷദ്വീപിനൊപ്പം നിന്ന കെ.സി.വൈ.എമ്മിന്റെ നിലപാടിനെയാണ് വളച്ചൊടിച്ചത്. ഇത്തരം വളച്ചൊടിക്കലുകള്‍ കേരളത്തിലും ലോകത്തിലും നടന്നുകൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതയാണ്.

മനുഷ്യരെ കുറിച്ച് ആലോചിച്ച് പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ സമൂഹം ഇപ്പോള്‍ വളരെ ഇടുങ്ങിയ ഇടങ്ങളിലേക്ക് ചുരുങ്ങുന്നത് ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ആരെങ്കിലും അപകടം പറ്റി കിടക്കുന്നത് കണ്ടാല്‍ അവന്റെ മതവും ജാതിയും നോക്കിയ ശേഷമേ പ്രവര്‍ത്തിക്കൂ എന്ന് പറയുന്നത് ക്രൈസ്തവ ധര്‍മമല്ല, ക്രിസ്തീയ സുവിശേഷവുമല്ല.

കേരള സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ യുവജന പ്രസ്ഥാനമെന്ന നിലയില്‍ യുവജനങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദം വളര്‍ത്താനുള്ള നടപടികള്‍ കെ.സി.വൈ.എം. സ്വീകരിക്കുന്നുണ്ടോ?

കെ.സി.വൈ.എം. കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ നേതാക്കന്മാര്‍ എന്ന നിലയില്‍ സഭാപിതാക്കന്മാരെ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും. യുവജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെട്ടതിന്റെയും അതിന്റെ തീവ്രതയുടെയും അത് വരുത്തിവെക്കാന്‍ പോകുന്ന അപകടത്തിന്റെയും ഗൗരവം അവരെ ധരിപ്പിക്കും.

അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് യുവജനങ്ങള്‍ക്ക് ദിശാബോധവും കാഴ്ചപ്പാടും പകര്‍ന്നുനല്‍കാനും മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പ്രാധാന്യം ഈ മണ്ണില്‍ തിരിച്ചുകൊണ്ടുവരാനായി പ്രവര്‍ത്തിക്കണമെന്നും അവരോട് ആവശ്യപ്പെടുകയും ചെയ്യും. അതിനുശേഷം സഭാപിതാക്കന്മാരുടെ നിര്‍ദേശമനുസരിച്ച് അവരുടെ അനുവാദത്തോടെ കെ.സി.വൈ.എം. പ്രവര്‍ത്തിക്കും.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.