| Wednesday, 9th June 2021, 2:55 pm

'ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ' ചര്‍ച്ചയുമായി ബന്ധമില്ല; പ്രത്യേക മതവുമായി ബന്ധപ്പെട്ടുള്ള വിഷയം മാത്രം സംസാരിക്കുന്നത് സര്‍പ്പത്തിന്റെ വിവേകത്തോടെ മനസിലാക്കണം: കെ.സി.വൈ.എം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്രിസ്ത്യന്‍ യുവജന സംഘടനായ കെ.സി.വൈ.എമ്മിന്റെ പേരില്‍ ക്ലബ്ഹൗസില്‍ നടക്കുന്ന ചര്‍ച്ചകളുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.സി.വൈ.എം.

നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു കെ.സി.വൈ.എം. വാര്‍ത്താക്കുറപ്പില്‍ പറഞ്ഞു.

പ്രസ്തുത അക്കൗണ്ടുവഴി ചര്‍ച്ചയ്‌ക്കെടുത്ത മൂന്നു വിഷയങ്ങളും ഒരു മതവിഭാഗവുമായി ഉള്ളതാണെന്നും ഇത്തരത്തിലുള്ളവര്‍ ഇങ്ങനെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നു എന്നത് സര്‍പ്പത്തിന്റെ വിവേകത്തോടെ മനസിലാക്കേണ്ട കാര്യമാണെന്നും കെ.സി.വൈ.എം. പറഞ്ഞു.

ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍, ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ മിഷനറികള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍, ഫാ. സ്റ്റാന്‍ സാമി, കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടുകള്‍ എന്നിവയെല്ലാം കത്തോലിക്ക സഭ നേരിടുന്ന വിഷയമാണെന്നു പ്രസ്താവനയില്‍ പറയുന്നു.

കത്തോലിക്കാ സഭയുമായി ബന്ധമില്ലാത്തതും വര്‍ഗീയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നതുമായ ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണു വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കെ.സി.വൈ.എം. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍ ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. കടുത്ത അന്യമതവിദ്വേഷമാണ് ചര്‍ച്ചയിലുടനീളമുണ്ടായതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമുണ്ടായിരുന്നു. സംവിധായകന്‍ അലി അക്ബര്‍ അടക്കം സംഘപരിവാര്‍ അനുഭാവമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കെ.സി.വൈ.എം പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങള്‍,ചര്‍ച്ചകള്‍

ക്ലബ് ഹൗസ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളിലൂടെ കെ.സി. വൈ. എം. പ്രസ്ഥാനത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ച് യുവജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതായും, കെ സി വൈ എം, കത്തോലിക്ക സഭയുമായി ബന്ധമില്ലാത്ത വര്‍ഗ്ഗീയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുമായി ചേര്‍ന്ന് ‘ക്രിസ്ത്യന്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍’ എന്ന കമ്മിറ്റി രൂപികരിച്ചതായി വ്യാജപ്രചരണം നടത്തുന്നതായും കെസിവൈഎം സംസ്ഥാന സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി രൂപീകരിച്ച ഇത്തരം അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ കെസിവൈഎമ്മിന്റെ രൂപത-ഫൊറോന-യൂണിറ്റ് നേതൃത്വങ്ങള്‍ക്കോ യാതൊരുവിധ പങ്കും ഉള്ളതല്ല. ക്രിസ്ത്യന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലുമായി AKCCയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് AKCC പ്രതിനിധികളുടെ ഭാഗത്തു നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. യുവജനങ്ങള്‍ സജീവമായ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍, നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.

ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വര്‍ഗ്ഗീയ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിചിന്തനം ചെയ്യണം.

എന്താണ് കെസിവൈഎം ?

ക്രൈസ്തവ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി കത്തോലിക്ക യുവജനങ്ങളുടെ സമഗ്ര വികസനവും സമൂഹത്തിന്റെ സമ്പൂര്‍ണ്ണ വിമോചനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം.*

എന്താണ് കെസിവൈഎം ആപ്തവാക്യം?

സഭയ്ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി.

ഹൃദയത്തില്‍ സംഗ്രഹിക്കേണ്ട 3 ബൈബിള്‍ വചനങ്ങള്‍.

1. ‘അന്വേഷിച്ച് അറിയാതെ കുറ്റം ആരോപിക്കുന്നത്’

2. ‘നിന്നെ പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക’

3. ‘സര്‍പ്പത്തെപ്പോലെ വിവേകികള്‍ ആയിരിക്കുക’

കഴിഞ്ഞദിവസം നടന്ന വ്യാജ കെസിവൈഎമ്മിന്റെ പേരിലുള്ള ക്ലബ്ബ് ഹൗസില്‍ അടിസ്ഥാനരഹിതമായ ഒരുപാട് ആരോപണങ്ങള്‍ കെസിവൈഎം സംസ്ഥാന സമിതിക്ക് നേരെ ഉന്നയിക്കുകയുണ്ടായി.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ കത്തോലിക്ക സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍

1. ലൗജിഹാദ്

2. 80:20

3. ഇസ്രയേല്‍ പലസ്തീന്‍ വിഷയം

ഇന്നലെ നടന്ന ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ട ഈ വിഷയങ്ങള്‍ മാത്രമാണോ കത്തോലിക്ക സഭ നേരിടുന്നത് പ്രശ്‌നങ്ങള്‍

1. കത്തോലിക്ക സമൂഹം നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍.

2. നോര്‍ത്തിന്ത്യന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളും ബുദ്ധിമുട്ടുകളും.

3. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയമായ നിലപാടുകളും ഏകാധിപത്യ നിലപാടുകളും.

4. ഫാദര്‍ സ്റ്റാന്‍ഡ് സ്വാമി.

5. FCRA, അതോടൊപ്പം സഭ സംവിധാനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനം ആരോപിച്ച് നടത്തുന്ന അന്വേഷണങ്ങളും മറ്റും.

80:20 വിഷയത്തിലും, ലൗ ജിഹാദ് വിഷയത്തിലും EWS വിഷയത്തിലും പ്രസ്ഥാനം കത്തോലിക്ക സഭയുടെ നിലപാടുകളുമായി ചേര്‍ന്ന് കൃത്യമായ ഇടപെടലുകള്‍ നടത്തി വരുന്നുണ്ട്. സംസ്ഥാന സമിതി എടുത്ത നിലപാടുകള്‍ ഫേസ്ബുക്കില്‍ ലഭ്യമാണ്.

ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും, ഇന്നലെ ഉന്നയിച്ച ഈ മൂന്ന് വിഷയങ്ങളിലും ഒരു മത വിഭാഗവുമായി ബന്ധപ്പെട്ടതാണ് എന്നുള്ളത്. എന്തുകൊണ്ട് ഇത്തരത്തിലുള്ളവര്‍ ഇങ്ങനെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നു എന്നുള്ളത് സര്‍പ്പത്തിന്റെ വിവേകത്തോടെ കൂടി മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങളാണ്.

കെസിവൈഎം പ്രസ്ഥാനം , സഭയും, സമൂഹവും നേരിടുന്ന നിരവധിയായ പ്രതിസന്ധികളിലും, പ്രശ്‌നഘട്ടങ്ങളിലും ഇടപെട്ട് നിലപാടുകള്‍ എടുക്കുന്ന ഒരു സംഘടനയാണ്. ചില സാഹചര്യങ്ങളില്‍ ചിലപ്പോള്‍ പ്രതിഷേധങ്ങളും നിലപാടുകളോ വന്നിട്ടില്ല എന്നുള്ളത് ശരിയായിരിക്കാം. വിമര്‍ശനത്തിന് അതീതമല്ല ഒരു സംഘടനയും, ഒരു വ്യക്തിയും. എല്ലാം തികഞ്ഞ ഒരു സംഘടനയാണ് കെസിവൈഎം എന്ന് ഒരു വാദം ഒരിക്കലും ഉന്നയിച്ചിട്ടില്ല.

എന്നാല്‍ വ്യക്തിപരമായ, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ നടത്തുന്നതില്‍ കൃത്യമായ പ്ലാന്‍ ഉണ്ട് എന്നുള്ളത് സുവ്യക്തം.

കെസിവൈഎമ്മിന്റെ ഏതെങ്കിലും പരിപാടികളിലോ നിലപാടുകളിലോ വൈരുധ്യം ഉണ്ടെങ്കില്‍ ഏതൊരു കത്തോലിക്കാ യുവജനത്തിനും സ്വന്തം പേരും, ഇടവകയും വ്യക്തമാക്കിക്കൊണ്ട് രൂപത, സംസ്ഥാന സമിതി അംഗങ്ങള്‍ അവരുടെ ആശങ്ക അറിയിക്കാന്‍ എപ്പോഴും കെസിവൈഎം വാതിലുകള്‍ തുറന്നിട്ടു ഉണ്ട് എന്ന് മനസ്സിലാക്കണം. നിങ്ങള്‍ക്ക് ഏതൊരു വിഷയത്തെപ്പറ്റിയും, സംസ്ഥാന സമിതി ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ പേരും ഇടവകയും വ്യക്തമാക്കിക്കൊണ്ട് കെസിവൈഎം സംസ്ഥാന സമിതിക്ക് നിര്‍ദേശം നല്‍കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഇതൊന്നും ചെയ്യാതെ ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രം പ്രതികരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരുന്നവരുടെ ലക്ഷ്യങ്ങള്‍ സംശയദൃഷ്ടിയോടെ മാത്രമേ നോക്കി കാണാന്‍ സാധിക്കുകയുള്ളൂ. ക്രൈസ്തവ യുവജനങ്ങള്‍ക്ക് തെറ്റായ ചിന്തകളും ആഹ്വാനങ്ങളും നല്‍കുന്ന ഇത്തരം പ്രവണതകള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടാല്‍ ശക്തമായ നടപടികളുമായി കെസിവൈഎം മുന്നോട്ടുപോകും. കെസിവൈഎം എന്ന പ്രസ്ഥാനം കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ലാത്ത ഒരു സംവിധാനങ്ങളുമായും ഒരുമിച്ച് പ്രവര്‍ത്തിക്കുകയില്ല എന്നുള്ളത് ആവര്‍ത്തിച്ച് അടിവരയിട്ട് ഓര്‍മിപ്പിക്കുന്നു

അടിക്കുറിപ്പ്: ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമാണ് യേശു ഈ ഭൂമിയില്‍ വന്നത് എന്ന് ആരെങ്കിലും നിങ്ങളെ പഠിപ്പിക്കുന്നുവെങ്കില്‍ അവരെ തിരുത്തേണ്ട സമയം അതിക്രമിച്ചു.

മതസൗഹാര്‍ദ്ദ കേരളം എന്നും അങ്ങനെ തന്നെ നിലനില്‍ക്കണം. വിഭാഗീയ ശക്തികളെ ഒറ്റപ്പെടുത്തുക.

കെ സി വൈ എം

സംസ്ഥാന സമിതി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KCYM Club House Christian Youth

We use cookies to give you the best possible experience. Learn more