ജയ്പൂർ: നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ലീഡ് നില പുറത്തുവന്നുകൊണ്ടിരിക്കെ ബി.ജെ.പിയിലെയും കോൺഗ്രസിലെയും മുതിർന്ന നേതാക്കളുടെ രാഷ്ട്രീയ ഭാവി കൂടിയാണ് നിർണായിക്കപ്പെടാൻ പോകുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യങ്ങൾ ശക്തമാകുകയാണ്. മധ്യപ്രദേശിൽ ദീർഘ കാലം മുഖ്യമന്ത്രിയായിട്ടുള്ള ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
ജ്യോതിരാദിത്യ സിന്ധ്യ അധികാരത്തിൽ വരുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും താൻ മുഖ്യമന്ത്രി കസേരയുടെ മത്സരത്തിനില്ല എന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്.
ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ബി.ജെ.പി കി ജയ് എന്നായിരുന്നു ശിവരാജ് സിങ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞത്.
രാജസ്ഥാനിൽ ബി.ജെ.പി വലിയ ഭൂരിപക്ഷത്തിൽ അധികാരം നേടിയാൽ വസുന്ധര രാജെയെ കളത്തിൽ നിന്ന് മാറ്റാൻ ബി.ജെ.പിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
തെലങ്കാനയിൽ ലീഡ് നിലനിർത്തുന്ന കോൺഗ്രസ് എം.എൽ.എമാരെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റാനുള്ള നടപടികൾ ഉൾപ്പെടെ സ്വീകരിച്ചിട്ടുണ്ട്. മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന ബി.ആർ.എസിന്റെ കെ. ചന്ദ്രശേഖർ റാവുവിന് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ് തെലങ്കാനയിലെ ആദ്യ ഘട്ട ഫലങ്ങൾ നൽകുന്നത്.
കോൺഗ്രസ് 67 സീറ്റുകൾക്ക് തെലങ്കാനയിൽ ലീഡ് ചെയ്യുമ്പോൾ 39 സീറ്റുകളിലാണ് ബി.ആർ.എസിന്റെ ലീഡ്.
അതേസമയം എക്സിറ്റ്പോൾ ഫലങ്ങളിൽ ഉൾപ്പെടെ ഛത്തീസ്ഗഡ് കോൺഗ്രസ് നേടുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും അഞ്ച് സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ളത്. 47 സീറ്റുകൾക്ക് കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 42 സീറ്റുകളുമായി ബി.ജെ.പി പിറകിലുണ്ട്.
Content Highlight: KCR, Vasundhara Raje, Shivraj Singh Chouhan; Fate hangs in balance for Senior leaders