ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകും; ദേശീയ പാര്‍ട്ടികളുമായി സഖ്യ സൂചന നല്‍കി ചന്ദ്രശേഖര റാവു
Election Results 2018
ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകും; ദേശീയ പാര്‍ട്ടികളുമായി സഖ്യ സൂചന നല്‍കി ചന്ദ്രശേഖര റാവു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 9:23 pm

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുമെന്ന് തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാനയുടെ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു. തെലങ്കാനയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

“ഞാന്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകും. ഇന്ത്യയിലെ മറ്റു പാര്‍ട്ടികളുമായി സംസാരിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ അനിഷേധ്യമായ പങ്കു വഹിക്കാന്‍ പോവുകയാണ് ഞങ്ങള്‍”- അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

“ഇത് തെലങ്കാനയിലെ ജനങ്ങളുടെ വിജയമാണ്. ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”- തെലങ്കാനയിലെ ഗജേവലില്‍ 50,000 വോട്ടുകള്‍ക്ക് ജയിച്ച കെ.സി.ആര്‍ പറഞ്ഞു. നിലവില്‍ തെലങ്കാനയില്‍ 88 സീറ്റുകളാണ് ടി.ആര്‍.എസ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് വെറും 19 സീറ്റുകളില്‍ ഒതുങ്ങി.

ബി.ജെ.പിയുമായും ടി.ആര്‍.പിയും തമ്മിലുള്ള ഒത്തു കളിയാണ് തെലങ്കാനയില്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ പിന്തുണ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിന് പിന്തുണക്കാമെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുമായുള്ള സഖ്യ സാധ്യതകളെല്ലാം തന്നെ തള്ളിക്കളഞ്ഞെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള സാധ്യതകള്‍ തുറന്നു കിടക്കുകയാണെന്ന് ടി.ആര്‍.എസ് നേതാവും ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ.കവിത ഇന്ത്യാ ടുഡേയോട് പറഞ്ഞിരുന്നു. സംസ്ഥാനത്ത് മുഖ്യ എതിരാളികളായിരിക്കെ കോണ്‍ഗ്രസുമായി ടി.ആര്‍.എസ് സഖ്യത്തിലേര്‍പ്പെടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും തമ്മില്‍ രാഷ്ട്രീയ വാതുവെപ്പ് നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തെരഞ്ഞെടുപ്പിന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

സെപ്തംബര്‍ 6ന് നിലവിലെ മന്ത്രി സഭ പിരിച്ചു വിട്ട് മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര്‍ റാവു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം കെ.സി.ആറിനെ തുണച്ചതായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.