| Sunday, 2nd December 2018, 3:23 pm

മോദിയും ചന്ദ്രശേഖര്‍ റാവുവും 'ജുംല' സഹോദരന്മാര്‍; കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും തമ്മില്‍ രാഷ്ട്രീയ വാതുവെപ്പ് നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മോദിയും ഇരട്ട സഹോദരന്മാരെ പോലെയാണെന്നും അവര്‍ ജുംല(പൊള്ളയായ വാഗ്ദാനം) സഹോദരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

“ബി.ജെ.പിയും ടി.ആര്‍.എസും തമ്മില്‍ സ്റ്റേജുകളില്‍ വെച്ച് പരസ്പരം വിമര്‍ശിക്കും പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ തമ്മില്‍ യോജിപ്പാണ്. ക്രിക്കറ്റിലെ വാതുവെപ്പു പോലെ ഇവര്‍ രാഷ്ട്രീയ വാതുവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇത് കൃത്യമായറിയാം”- ഹെെദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Also Read തെരഞ്ഞെടുപ്പ് വിജയത്തിനായി ‘യജ്ഞം’ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു

“മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എല്ലാഴ്‌പോയും ബി.ജെ.പി അനുകൂലിയായിരുന്നു. പ്രധാനമന്ത്രി മോദിയും റാവുവും ഇരട്ടകളെ പോലെയാണ്. ജുംല സഹോദരന്മാര്‍. ഉയരുന്ന ഇന്ധന വിലയെപ്പറ്റി റാവു ഇതു വരെ ഒന്നും പറഞ്ഞിട്ടില്ല. ബി.ജെ.പിക്ക് ഇഷ്ടമാവില്ലെന്ന് കരുതി റഫേലിനെ പറ്റിയും അദ്ദേഹം ഒന്നും സംസാരിക്കുന്നില്ല”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തെലങ്കാനയിലെ 75 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിക്കുന്നു. 75 ശതമാനം കര്‍ഷകരും സര്‍ക്കാരില്‍ നിന്ന് ലോണ്‍ ലഭിക്കാത്തതിനാല്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ലോണ്‍ എടുത്താണ് കൃഷി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് വ്യാപകമായി വിദ്യാര്‍ത്ഥിനികള്‍ ഒഴിഞ്ഞു പോകുന്നതായും സിബില്‍ പറഞ്ഞു. തെലങ്കാനയില്‍ ടി.ആര്‍.എസ് ബി.ജെ.പിയുമായി സഖ്യം ചേരുമെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഒരു കാരണവശാലും ബി.ജെ.പിയോടൊപ്പം സഖ്യം ചേരില്ലെന്നായിരുന്നു കെ.സി.ആറിന്റെ മകന്‍ കെ.ടി രാമറാവുവിന്റെ പ്രതികരണം.

“ടി.ആര്‍.എസ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ യാതൊരു കാരണവശാലും ടി.ആര്‍.എസ് നരേന്ദ്ര മോദിയോടെപ്പമോ ബി.ജെ.പിയോടൊപ്പമോ പോകില്ല”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡിസംബര്‍ 7നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലം പുറത്തുവരും.

We use cookies to give you the best possible experience. Learn more