കോട്ടയം: മലബാര്‍ വിപ്ലവം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും വാരിയന്‍കുന്നന്‍ സിനിമ പ്രഖ്യാപിച്ചതില്‍ അസ്വാഭാവികയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ.സി.ബി.സി രംഗത്ത്. കെ.സി.ബി.സി ജാഗ്രത കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് കരിയിലാണ് മലബാര്‍ വിപ്ലവത്തിനും വാരിയന്‍കുന്നത്തിനുമെതിരെ രംഗത്തെത്തിയത്.
‘ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക’ എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ ലക്കം ജാഗ്രത ന്യൂസില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പിന്റെ ആരോപണങ്ങള്‍. മലബാര്‍ കലാപം അക്രമാസക്തമായതോടെ അതിന് സ്വാതന്ത്ര്യസമരവുമായുള്ള ബന്ധം ഇല്ലാതെയെന്നാണ് ലേഖനത്തില്‍ പറയുന്നത്. വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായി ഉയര്‍ത്തികാണിക്കുന്നത് വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കൂടിയാണ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍
എല്ലാ ജനവിഭാഗങ്ങളെയും സ്വാതന്ത്ര്യസമരത്തില്‍ പങ്കുകാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത്കാരെയും സ്വാതന്ത്ര്യസമരത്തിലേക്ക് ഉള്‍ക്കൊണ്ടത്. അക്രമരഹിതമായിരിക്കണം സമരം എന്നത് ഗാന്ധിജിയുടെ പ്രഖ്യാപിത നയമായിരിക്കേ മലബാര്‍കലാപം അക്രമാസക്തമായപ്പോള്‍ സ്വാതന്ത്ര്യസമരത്തോടുള്ള അതിന്റെ ബന്ധവും ഫലത്തില്‍ ഇല്ലാതാവുന്നുണ്ടെന്ന് ബിഷപ്പ് ജോസഫ് കരിയില്‍ ആരോപിക്കുന്നു.
മലബാറിലെ കര്‍ഷകരുടെ സമരത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാന്‍ സാധുവായ മറ്റെന്തെല്ലാം കാരണങ്ങളുണ്ട്. ബോധ്യപ്പെടും വിധം തെളിവുകള്‍ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
അതിനെല്ലാം മുന്‍പ് വാരിയന്‍കുന്നത്തെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോയെന്നും ബിഷപ്പ് കരിയില്‍ ചോദ്യക്കുന്നു. ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ലായെന്നും അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നുണ്ട്.
വാരിയന്‍കുന്നന്‍ സിനിമ എടുത്തുപറഞ്ഞുകൊണ്ട്, ഇസ്‌ലാമിനെ ഉദാത്തവത്കരിക്കുകയും ക്രിസ്തുമതത്തെ അവഹേളിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വാരിയന്‍കുന്നത്തിന്റെ നാല് സിനിമകള്‍ ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടതില്‍ യാദൃശ്ചികതയുടെ കൗതുകം ബാക്കിയാകുന്നെന്നാണ് ലേഖനത്തില്‍ പറയുന്നത്.
ഇസ്‌ലാമിനെയും ഇസ്‌ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളുമുണ്ടായെന്നും ബിഷപ്പ് കരിയില്‍ ആരോപിക്കുന്നു. ഇതിനെല്ലാം പിന്നില്‍ ‘ഷാഡോ പ്രൊഡ്യൂസേഴ്‌സ്’ ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ വെളിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാരിയന്‍കുന്നത്തിനും മലബാര്‍ വിപ്ലവത്തിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന അതേ വാദങ്ങള്‍ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലില്‍ നിന്നും ഉയരുന്നത് കത്തോലിക്ക സഭാധികാരികള്‍ സംഘപരിവാറിനൊപ്പം നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണെന്ന് നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.
മുസ്‌ലിം ലീഗിനെതിരെയും കടുത്ത വിമര്‍ശനമാണ് ബിഷപ്പ് കരിയില്‍ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ മുസ്ലിം ലീഗ് മതേതര പരിവേഷം അഴിച്ചുവെച്ച് തീവ്രവാദ ഗ്രൂപ്പുകളുമായി സന്ധിയിലേര്‍പ്പെടുകയാണെന്നും ഈ മാറ്റത്തിന് കൂട്ടുനില്‍ക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ ബുദ്ധിജീവികളുമാണെന്നാണ് പ്രധാന വിമര്‍ശനം.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരിക്കാം. അതിനാലാവാം അവര്‍ ലീഗിന്റെ മാറ്റത്തില്‍ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുമ്പ് സമാന പരാമര്‍ശവുമായി ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളുമായി രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകരും മാധ്യമങ്ങളും അന്തര്‍ധാരയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.
കേരളത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും ഫാ. സേവ്യര്‍ ഖാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തീവ്രസ്വഭാവമുള്ള ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക