സമസ്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മലപ്പുറത്തെ സ്‌കൂളിനെതിരെ തിരിയുന്നത്: കെ.സി.ബി.സി
Kerala News
സമസ്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മലപ്പുറത്തെ സ്‌കൂളിനെതിരെ തിരിയുന്നത്: കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 8:17 am

കോട്ടയം: ക്രൈസ്തവസ്ഥാപനങ്ങള്‍ പതിവില്ലാത്തവിധത്തില്‍ ആരോപണങ്ങള്‍ അടുത്തകാലത്തായി നേരിടുന്നുവെന്ന് കെ.സി.ബി.സി. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളേക്കാള്‍ സഭയ്ക്കെതിരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കുകയാണെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഡോ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു. ‘ദീപിക’ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.

പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ പശുവിനെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ പശുവിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് എഴുതിയത് പോലെയാണിതെന്നും സെന്റ് ജെമ്മാസ് സ്‌കൂളിലെ വിരമിച്ച ഭരണകക്ഷി രാഷ്ട്രീയക്കാരനായ അധ്യപകനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ചില മാധ്യമങ്ങള്‍ തിരിയുകയാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിനി അപമാനിതയാക്കപ്പെട്ട വിഷയത്തില്‍ സമസ്ത നേതാക്കള്‍ക്കും അവരുടെ നയങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ അതിനെ മറികടക്കാനുള്ള എളുപ്പവഴിയായാണ് സെന്റ് ജെമ്മാസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉണ്ടായത്.

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ മാത്രം പ്ലക്കാര്‍ഡ് പിടിക്കുന്ന ചില ‘പ്രബുദ്ധ’ സംഘടനകള്‍ അധ്യാപകന്റെ വസ്തിയിലോ, പാര്‍ട്ടി ഓഫീസിലോ, നിയമം നടപ്പിലാക്കേണ്ട പൊലീസ് സ്റ്റേഷന് മുന്നിലോ പ്രതിഷേധിക്കേണ്ടതിന് പകരം സ്‌കൂളിന് മുന്നിലാണ് പ്രതിഷേധവുമായി എത്തിയത്. കുറ്റാരോപിതനെ നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ലേഖനത്തിലൂടെ പറയുന്നു.

എസ്.എച്ച്. നേഴ്സിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പര്‍വതീകരിച്ച് അസത്യങ്ങളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കാന്‍ ചില തത്പരകക്ഷികള്‍ക്ക് കഴിഞ്ഞു. സന്യസ്തര്‍ക്ക് നീതി നേടിക്കൊടുക്കുന്നുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികള്‍ അടുത്ത കാലത്ത് മരണപ്പെട്ട ഒരു സന്യാസിനിയുടെ മാതാപിതാക്കളെ സമീപിച്ച് ദുരൂഹത ആരോപിക്കാന്‍ പ്രേരിപ്പിക്കുകയുണ്ടായി. ഇവര്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ മരിച്ച വ്യക്തിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

പലതും ഒളിപ്പിക്കാനും മറയ്ക്കാനും മാത്രമല്ല, വോട്ടുകള്‍ ചിതറിപ്പിക്കാനും സ്വരൂപിക്കാനും കത്തോലിക്കാ സഭയുടെ പേരില്‍ വിവാദമുണ്ടാക്കിയാല്‍ മതിയെന്ന ചിലരുടെ ധാരണയായിരുന്നു ‘സഭാ സ്ഥാനാര്‍ത്ഥി’ വിവാദത്തില്‍ ഉണ്ടായതെന്ന് ഡോ. മൈക്കിള്‍ പുളിക്കല്‍ കുറ്റപ്പെടുത്തുന്നു.

യഥാര്‍ഥത്തില്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരേണ്ടിയിരുന്നു. തീവ്രവാദ വിഷയങ്ങളില്‍പ്പോലും മൃദുസമീപനം സ്വീകരിക്കുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. എന്തിനും ഏതിനും കാത്തോലിക്കാ സഭയുടെ മേല്‍ പഴിചാരിയും വിവാദം സൃഷ്ടിച്ചും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടും മുന്നോട്ട് പോകാമെന്ന ചിന്ത അപകടകരമാണെന്നും ലേഖനത്തില്‍ പറയുന്നു.

അടുത്തിടെ മലപ്പുറത്തെ സ്‌കൂളിലെ വിരമിച്ച അധ്യാപകനും മുന്‍ സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറുമായ കെ.വി ശശികുമാറിനെതിരെ പൂര്‍വവിദ്യാര്‍ഥിനികള്‍ പൊലീസില്‍ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥിനികളായിരിക്കുമ്പോള്‍ ഒമ്പത് വയസ് മുതലുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അന്ന് സ്‌കൂള്‍ അധികൃതരോട് വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

Content Highlight: kcbc says Turning against the school in Malappuram to divert attention from the controversy related to Samastha